
എ.ബി.സിയുടെ വഴിയടച്ച് കേന്ദ്ര അനിമൽ വെൽഫെയർ ബോർഡിന്റെ മാനദണ്ഡം
കാസർകോട്: കേന്ദ്ര അനിമൽ വെൽഫെയർ ബോർഡിന്റെ പുതിയ മാർഗ്ഗനിർദ്ദേശവും ഫണ്ടിന്റെ അപര്യാപ്തതയും മൂലം മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ നടപ്പിലാക്കി വരുന്ന തെരുവുനായകളുടെ ജനന നിയന്ത്രണ (എ.ബി.സി ) പദ്ധതി മരവിച്ചു. സമീപകാലങ്ങളിലായി തെരുവ് നായ ശല്യം വർദ്ധിച്ചിട്ടും ഒരു വർഷമായി എ.ബി.സി കേന്ദ്രങ്ങളുടെ പ്രവർത്തനം മരവിച്ചിരിക്കുകയാണ്.
ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മോണിറ്ററിംഗ് സമിതി രൂപീകരിച്ചിരുന്നു. തെരുവുനായ്ക്കളുടെ ശല്യം ഇല്ലാതാക്കുന്നതിന് സഹായകമായ പദ്ധതികൾ പ്ലാൻ, തനതു ഫണ്ട് ഉപയോഗിച്ച് ആവിഷ്‌ക്കരിക്കണമെന്ന് അറിയിച്ചിരുന്നെങ്കിലും അവയൊന്നും പ്രാവർത്തികമായിട്ടില്ല.
സംഘം ചേർന്നുള്ള തെരുവുനായകളുടെ ആക്രമണത്തിൽ കുട്ടികളടക്കം കൊല്ലപ്പെടുകയും സ്ത്രീകൾക്കും കുട്ടികൾക്കും വൃദ്ധർക്കും ഉൾപ്പെടെ മാരകമായി മുറിവേൽക്കുകയും ചെയ്തിട്ടും അപകടകാരികളായ ഇവയെ നിയന്ത്രിക്കാനാകാതെ നട്ടംതിരിയുകയാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ.
പ്രതിസന്ധി സൃഷ്ടിച്ച കേന്ദ്ര നിയമം
പിടികൂടിയ നായകളെ കൊല്ലാതെ സംരക്ഷിക്കണം, ഇവയെ പാർപ്പിക്കാൻ കേന്ദ്രങ്ങളിൽ കൂടുകളുടെ എണ്ണം കൂടുതലായുണ്ടാകണം, തെരുവുനായകളെ പിടികൂടി സ്റ്ററിലൈസേഷൻ, വാക്സിനേഷൻ നടത്തുന്നതിനു വേണ്ടി അവയെ നിശ്ചിത ദിവസത്തേയ്ക്ക് പാർപ്പിച്ച് നിരീക്ഷിക്കുന്നതിന് 152 ബ്ലോക്ക് പഞ്ചായത്ത് തലത്തിലും ഡോഗ് ഷെൽട്ടറുകൾ സ്ഥാപിക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് കേന്ദ്ര അനിമൽ വെൽഫെയർ ബോർഡ് മുന്നോട്ടുവച്ചത്. ഇത് നടപ്പിലാക്കാൻ കഴിയാത്തതാണ് അധികൃതരെ വിഷമവൃത്തത്തിലാക്കുന്നത്.
നായ പിടുത്തക്കാരെ കിട്ടാനില്ല
നായ്ക്കളെ പിടികൂടി വന്ധ്യകരണവും വാകസിനേഷനും നൽകുന്നതിന് ആളുകൾ ഇല്ലാത്തതാണ് അധികൃതർ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രതിസന്ധി. പുതിയ ആൾക്കാർ വന്നാൽ അവർക്ക് പരിശീലനം നൽകാൻ ആവശ്യമായ സംവിധാനങ്ങൾ ഉണ്ടെങ്കിലും ആരും ഈ മേഖലയിലേക്ക് കടന്നുവരാത്തത് പ്രശ്നം തന്നെയാണെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നു. ബംഗളുരു കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഒരു ഏജൻസിയാണ് മുമ്പ് എ.ബി.സി കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾക്കായി നായ്ക്കളെ പിടിച്ചിരുന്നത്. ബംഗളുരു ഏജൻസി ലൈസൻസ് പുതുക്കാത്തതിനാൽ അവർക്ക് തുടരാൻ കഴിയാതെ വന്നപ്പോൾ ഒഴിവാക്കുകയായിരുന്നു.
എ.ബി.സി
തെരുവ് നായകളുടെ എണ്ണം നിയന്ത്രിക്കുന്നതിനും പേവിഷബാധ ഉന്മൂലനം ചെയ്യുന്നതിനുമായി ലോകാരോഗ്യ സംഘടന വികസിപ്പിച്ചെടുത്ത പദ്ധതിയാണ് അനിമൽ ബർത്ത് കൺട്രോളർ (എ ബി സി) പ്രോഗ്രാം.
അപകടകാരികളായ നായ്ക്കളെ കൊന്നൊടുക്കാതെ വന്ധീകരിച്ചും വാക്സിനേഷൻ നടത്തിയും പദ്ധതി നടപ്പാക്കാമെന്നാണ് പദ്ധതിയുടെ അടിസ്ഥാനം. 1960ലെ മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയൽ ചട്ടങ്ങളിലെ 38ാം സെക്ഷനിലെ ഒന്നാം ഉപവകുപ്പായി അനിമൽ ബർത്ത് കൺട്രോളർ (ഡോഗ്സ്) 2001 നിയമം കൂട്ടിചേർത്താണ് ഇന്ത്യയിൽ പദ്ധതി തുടങ്ങിയത്.