പട്ടുവം: അയോദ്ധ്യയിൽ ശ്രീരാമന്റെ പ്രാണ പ്രതിഷ്ഠ കഴിഞ്ഞു. പട്ടുവം മുറിയാത്തോട് മാധവ നഗറിലെ 'അയോദ്ധ്യാ ശ്രീധരനെ"ന്ന ചേണിച്ചേരി ശ്രീധരന് ഇനി ചെരുപ്പ് ധരിക്കാം. 1992ൽ അയോദ്ധ്യയിലെത്തിയ പട്ടുവത്തെ ഏക കർസേവകനാണ് ശ്രീധരൻ. 32-ാം വയസിൽ മിനാരങ്ങളുടെ ചീളുകളിൽ തട്ടി ചെരുപ്പും കാൽപാദങ്ങളും മുറിഞ്ഞപ്പോൾ മനസിലുറപ്പിച്ചതാണ് അയോദ്ധ്യയിൽ രാമക്ഷേത്രം യാഥാർത്ഥ്യമാകുന്നത് വരെ ഇനി പാദരക്ഷ ഉപയോഗിക്കുകയില്ലെന്ന്. എട്ട് ദിവസം അയോദ്ധ്യയിൽ തങ്ങി കർസേവയിൽ പങ്കെടുത്ത് തിരിച്ചെത്തിയത് മുതൽ ശ്രീധരൻ അയോദ്ധ്യാ ശ്രീധരനായി നാട്ടിൽ അറിയപ്പെടുകയായിരുന്നു.
അന്നുമുതൽ ശ്രീധരൻ ചെരുപ്പ് ഉപയോഗിച്ചിട്ടുമില്ല. കല്ലിലും മുള്ളിലുമായി ജോലി ചെയ്യുമ്പോഴൊക്കെ പലപ്പോഴും കുപ്പി കഷ്ണങ്ങളും മള്ളുകളും കാലിൽ കയറിയിട്ടുണ്ട്. കൂടെയുള്ള പണിക്കാർ ഗംബൂട്സ് ധരിച്ചു കിളക്കുമ്പോഴൊക്കെ ശ്രീധരനെ കളിയാക്കും. ക്ഷേത്രമൊരുങ്ങിയിട്ട് ഇനി ചെരുപ്പ് ധരിക്കുമോയെന്ന് ചോദിച്ചവരുണ്ട്.
ജീവനോടെ അയോദ്ധ്യയിൽ നിന്നു മടങ്ങിവന്നാൽ വിവാഹം എന്ന തീരുമാനവും നേരത്തെ ശ്രീധരൻ എടുത്തതാണ്. അയോദ്ധ്യയിൽ നിന്ന് തിരിച്ചെത്തിയ ശ്രീധരൻ വിവാഹവും ചെയ്തു. മകൻ കൃഷ്ണപ്രസാദ് ഇന്നലെ പ്രദേശത്ത് പായസദാനം നടത്തിയിരുന്നു. അടുത്തു തന്നെ അയോദ്ധ്യാ സന്ദർശനത്തിന്റെ ദിവസം കുറിക്കാനാണ് ശ്രീധരന്റെ തീരുമാനം. പാദരക്ഷ അയോദ്ധ്യയിൽ നിന്നുതന്നെ വാങ്ങി ധരിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നതത്രെ.