പാപ്പിനിശ്ശേരി: കണ്ണൂർ- തളിപ്പറമ്പ് ദേശീയപാതയിൽ പാപ്പിനിശ്ശേരി പഴയങ്ങാടി റോഡ്, പഴയങ്ങാടി റോഡ് ജംഗ്ഷൻ, മട്ടന്നൂർ എയർപോർട്ട് റോഡ്, കണ്ണൂർ-തലശ്ശേരി റോഡ് എന്നിവിടങ്ങളിലെ വർദ്ധിച്ചു വരുന്ന അപകടങ്ങളും ഗതാഗതക്കുരുക്കും ഒഴിവാക്കാൻ പരിഹാരം തേടി വിദഗ്ദ്ധ സംഘം പഠനം തുടങ്ങി. ദുരന്ത നിവാരണ കൗൺസിലിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് എൻ.ഐ.ടി സംഘം ജില്ലയിലെ അപകട സാദ്ധ്യതയുള്ള വിവിധ സ്ഥലങ്ങൾ പരിശോധിച്ചത്.
പുതിയതെരു മുതൽ പാപ്പിനിശ്ശേരി വരെ നീളുന്ന ഭാഗത്തെ പതിവ് കുരുക്കും നിരവധി അപകടങ്ങളും സംഘം പഠനത്തിന് വിധേയമാക്കും. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ മുതൽ സംഘം പാപ്പിനിശ്ശേരി പാതയും കെ.എസ്.ടി.പി. റോഡ് കവലയും സന്ദർശിച്ചു. നിത്യേന അനുഭവപ്പെടുന്ന കുരുക്കിന്റെയും വർദ്ധിച്ചു വരുന്ന അപകടങ്ങളുടെയും കാരണം കണ്ടെത്തി അതിനനുസരിച്ചുള്ള പരിഹാര നടപടികൾ പാതയിൽ ഒരുക്കുക എന്ന ലക്ഷ്യമിട്ടാണ് ഉന്നത സംഘത്തിന്റെ പരിശോധന പുരോഗമിക്കുന്നത്. സംഘം പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡും മറ്റിടങ്ങളും തിങ്കളാഴ്ച പരിശോധിച്ചു. കെ.എസ്.ടി.പി. റോഡിൽ പാപ്പിനിശ്ശേരി ജംഗ്ഷൻ മുതൽ കണ്ണപുരം ചൈനാ ക്ലേ വരെയുള്ള ഭാഗത്താണ് പരിശോധന നടത്തിയത്.
പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിലും പാപ്പിനിശ്ശേരി ദേശീയപാതയിലും നിരവധി അപകടങ്ങളാണുണ്ടാകുന്നത്. ചെറുതും വലുതുമായ ഇരുപതിൽപരം അപകടങ്ങൾ ഈ മേഖലയിൽ മാത്രം നടക്കുന്നതായാണ് പൊലീസിന്റെ കണക്ക് .ജില്ലയിലെ മറ്റു തിരക്കേറിയ പാതകളിലും സമാനമായി രീതിയിൽ അപകടങ്ങൾ നടക്കുന്നുണ്ട്. പാപ്പിനിശ്ശേരി -പിലാത്തറ 21 കി.മീ. ദൈർഘ്യമുള്ള പാതയിൽ വാഹനങ്ങളുടെ അമിതവേഗമാണ് 90 ശതമാനം അപകടങ്ങൾക്കും കാരണമാകുന്നത്. റോഡിൽ വേഗം കുറച്ച് മറ്റു ട്രാഫിക് നിയമങ്ങൾ പാലിച്ച് അപകടങ്ങൾ കുറക്കാൻ ആകുമോ എന്നാണ് വിദഗ്ദ്ധർ പരിശോധിക്കുന്നത്. ഈ മേഖലയിൽ അമിത വേഗമല്ലാതെ മറ്റു കാരണങ്ങൾ കൂടി സംഘം പരിശോധിക്കും. പുതിയതെരു, കണ്ണപുരം ബ്രിഡ്ജ്, മേലെ ചൊവ്വ, കണ്ണമൊട്ട, കൂടാളി, ചാലോട്, കൂത്തുപറമ്പ്, കതിരൂർ എന്നീ സ്ഥലങ്ങളിലും പരിശോധന നടത്തി.
എത്തിയത് ഉന്നത വിദഗ്ദ്ധ സംഘം
കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത്ത് കുമാർ ബന്ധപ്പെട്ട ആളുകളുടെ യോഗം വിളിക്കുകയും പരിശോധനാ സ്ഥലങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു. വിദഗ്ദ്ധ സംഘത്തിൽ കോഴിക്കോട് എൻ.ഐ.ടിയിലെ സിവിൽ എൻജി. വിഭാഗത്തിലെ വിദഗ്ദ്ധരായ ഡോ. ആഞ്ചനേയുലു, ഡോ. ശിവകുമാർ, കെ എസ്.ടി.പി എൻജിനീയർമാരായ ആശിഷ് കുമാർ, റസ്‌നൽ, ടെക്‌നിക്കൽ മെമ്പർ ഹരീന്ദ്രൻ, വിശ്വ സമുദ്ര, എൻജിനീയർമാർ, മോട്ടോർ വാഹന വകുപ്പ് എൻഫോർസ് മെന്റ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
നിരവധി അപകടങ്ങൾ നടക്കുന്ന പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിലെ അപകടങ്ങൾക്കുള്ള കൃത്യമായ കാരണം കണ്ടെത്താനാണ് വിദഗ്ദ്ധ സംഘം എത്തിയത്. തിങ്കളാഴ്ച രാവിലെ കണ്ണൂർ എസ്.പി യുടെ ചേമ്പറിൽ യോഗം ചേർന്നതിന് ശേഷമാണ് വിവിധ മേഖലകൾ സന്ദർശിച്ചത്. റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് അടുത്ത ജില്ലാ റോഡ് സുരക്ഷാ കൗൺസിലിന്റെ പരിഗണനക്ക് സമർപ്പിക്കും.
സി.യു. മുജീബ്, ആർ.ടി.ഒ എൻഫോഴ്സ്മെന്റ്