
കണ്ണൂർ: മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കി വരുന്ന എൽഡർലൈൻ പദ്ധതിയിലേക്ക് പരാതികൾ പ്രവഹിക്കുമ്പോഴും ആവശ്യത്തിന് ഫണ്ടില്ലാത്തതും ജീവനക്കാരെ വെട്ടികുറച്ചതും സാരമായി ബാധിക്കുന്നു.മുതിർന്ന പൗരന്മാർ സ്വന്തം കുടുംബങ്ങളിൽനിന്നും സമൂഹത്തിൽനിന്നും നേരിടുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങൾക്ക് പരിഹാരം, ലഭിക്കേണ്ട അവകാശങ്ങൾ, ആനുകൂല്യങ്ങൾ, ചികിത്സ എന്നിവയെല്ലാം ഉറപ്പാക്കുന്ന പദ്ധതിയാണ് ഇതുമൂലം പ്രതിസന്ധിയിലായിരിക്കുന്നത്.
കേന്ദ്രത്തിനുകീഴിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ഡിഫൻസ് മുഖേന പ്രവർത്തിക്കുന്ന പദ്ധതിക്ക് ഫണ്ടില്ലാത്തത് വലിയ തിരിച്ചടിയായിട്ടുണ്ട്.ഇതുകാരണം ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ കേന്ദ്രം നിർദേശം നൽകിയിരുന്നു.മുഴുവനായും കേന്ദ്രഫണ്ട് ഉപയോഗിച്ചാണ് പ്രോജക്ട് പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷം പകുതി വരെ ഒരു മാസംപോലും ഫണ്ട് കിട്ടിയിട്ടില്ല. ഇതിനാൽ ജീവനക്കാർക്ക് വേതനമില്ലാത്ത സ്ഥിതിയുമുണ്ട് .തുടക്കത്തിൽ ഫീൽഡ് ഓഫിസർമാരെത്തി പൊലീസിന്റെയും ജനപ്രതിനിധികളുടെയും കൗൺസിലിംഗിന്റെയുമെല്ലാം സഹായത്തോടെ ഓരോ പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്ന രീതിയുണ്ടായിരുന്നു .നിലവിൽ ഫോണിലൂടെ മാത്രമാണ് സേവനം.
ജീവനക്കാർ അത്ര വേണ്ടെന്ന് കേന്ദ്രം
സംസ്ഥാനത്ത് പദ്ധതി നല്ലരീതിയിൽ നടന്നുപോകുന്നതിനിടയിലാണ് കുറഞ്ഞ ജീവനക്കാരുമായി പ്രവർത്തിക്കാൻ കേന്ദ്രസർക്കാറിന്റെ നിർദേശമെത്തിയത്. വയോജനങ്ങൾക്കരികിലെത്തി സഹായം നൽകിയിരുന്ന ഫീൽഡ് ഓഫിസർമാരെ മുഴുവനും പിൻവലിച്ചു. അഞ്ച് കാൾ ഓഫിസർമാരും ടീം ലീഡറും മാത്രമാണ് ഇപ്പോൾ ഉള്ളത്. എൻ.ഐ.എസ്.ഡിയുമായുള്ള ധാരണാപത്ര പ്രകാരം 2023-24 സാമ്പത്തിക വർഷത്തെ ഒരു ഗഡു ഫണ്ട് മാത്രമാണ് ലഭിച്ചത്. ജീവനക്കാരുടെ ശമ്പളവും ഇന്റർനെറ്റ്, വൈദ്യുതി ബില്ലുകളും കുടിശ്ശികയാണ്. കേന്ദ്രം കൈവെടിഞ്ഞപ്പോൾ സംസ്ഥാന സർക്കാറിന്റെ സഹായം ആവശ്യപ്പെട്ടുള്ള ഫയലുകൾ ധനവകുപ്പിന്റെ പരിഗണനയിലാണ്.
എൽഡർലൈൻ ചെറിയ മീനല്ല
60 കഴിഞ്ഞ വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമാക്കി 2021ഒക്ടോബർ ഒന്നിന് നാഷണൽ ഹെൽപ് ലൈൻ ഫോർ സീനിയർ സിറ്റിസൺസ് എന്ന പേരിൽ രാജ്യത്ത് പദ്ധതി തുടങ്ങിയത്. നവംബറിൽ സാമൂഹികനീതി വകുപ്പിന് കീഴിൽ സംസ്ഥാനത്തും പ്രവർത്തനം ആരംഭിച്ചു. കൊവിഡ് കാലത്ത് നാല് ചുവരുകൾക്കിടയിൽ ഒതുങ്ങിപ്പോയ മുതിർന്ന പൗരന്മാർക്ക് അവരുടെ പ്രശ്‌നങ്ങൾ പറയുന്നതിനും പരിഹാരവും കൗൺസിലിംഗും ഉറപ്പു വരുത്തുന്നതിനുമെല്ലാം പദ്ധതി ഏറെ സഹായകമായിരുന്നു.
ആശ്വാസമാണ് പദ്ധതി
പെൻഷൻ അടക്കമുള്ള വിവിധ സേവനങ്ങളെകുറിച്ചും ആരോഗ്യകാര്യങ്ങളെ കുറിച്ചുമുള്ള വിവരങ്ങളറിയാനാണ് കൂടുതൽ പേരും വിളിക്കുന്നത്. മാനസിക പിന്തുണ തേടിയും മക്കളിൽനിന്നും അയൽക്കാരിൽനിന്നും മോശം അനുഭവങ്ങൾ നേരിട്ടും പുനരധിവാസം ആവശ്യപ്പെട്ടും നിരവധി സഹായാഭ്യർഥനകളാണ് കഴിഞ്ഞ വർഷം എത്തിയത്.
കഴിഞ്ഞ വർഷം ജില്ലയിൽ എൽഡർലൈനിൽ ലഭിച്ച കാളുകൾ 2272
എൽഡർലൈൻ പദ്ധതി ടോൾ ഫ്രീ നമ്പർ-14567