നീലേശ്വരം: കേരഫെഡ് സഹകരണ സംഘങ്ങൾ വഴി നടത്തുന്ന സംഭരണത്തിൽ പച്ചത്തേങ്ങയുടെ വരവ് കുറഞ്ഞതായി സംഘങ്ങൾ. എന്നാൽ, സംഭരിക്കുന്ന തേങ്ങകളുടെ വില ലഭിക്കാൻ കാലതാമസം വരുന്നതുകൊണ്ട് കർഷകർ നല്കാൻ മടിക്കുന്നതാണ് പച്ചത്തേങ്ങയുടെ വരവ് കുറവായതിന് കാരണമെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.
കിലോഗ്രാമിന് 34 രൂപ നല്കിയാണ് സഹകരണ സംഘങ്ങൾ വഴി പച്ചത്തേങ്ങ സംഭരിക്കുന്നത്. കേരകർഷകരെ സംബന്ധിച്ച് ഏറേ ആശ്വാസകരമായിരുന്നു ഈ തീരുമാനം. ഒരു പഞ്ചായത്തിൽ ഒരു സഹകരണ സംഘം എന്ന നിലയ്ക്കാണ് സംഭരണം. എന്നാൽ, തേങ്ങ കൊടുത്താൽ നാലുമാസം കഴിഞ്ഞാണ് പണം തങ്ങളുടെ ബാങ്ക് എക്കൗണ്ടുകളിലെത്തുന്നതെന്ന് കർഷകർ കുറ്റപ്പെടുത്തുന്നു.
തെങ്ങ് കയറ്റത്തൊഴിലാളികൾക്ക് കൂലി നല്കാനും വളപ്രയോഗത്തിനുമൊക്കെ കർഷകർ വേറെ തുക കണ്ടെത്തേണ്ട ഗതികേടാണ് ഇതിമൂലമുണ്ടാകുന്നത്. ചില സഹകരണ സംഘങ്ങൾ ഒരു ക്വിന്റലിന് 2കിലോ കട്ടിംഗും ഈടാക്കുന്നുണ്ട്. മുന്തിയ ഇനം തേങ്ങകൾ മാത്രമെ സഹകരണ സംഘങ്ങൾ എടുക്കുകയുമുള്ളൂ. സഹകരണ സംഘങ്ങളിൽ തേങ്ങ കൊടുക്കണമെങ്കിൽ കൃഷിഭവനിൽ തേങ്ങ കർഷകനാണെന്ന കൃഷി വകുപ്പ് ഓഫീസറുടെ സാക്ഷ്യപത്രവും ആവശ്യമാണ്.
വ്യാപാരികൾ 29 രൂപയ്ക്ക് എടുക്കും
വ്യാപാരികൾ എടുക്കുന്ന പച്ചത്തേങ്ങക്ക് കിലോഗ്രാമിന് 29 രൂപ നൽകുന്നുണ്ട്. ഇവിടെ കട്ടിംഗ് ഇല്ല. തേങ്ങ കലർപ്പിൽ എടുക്കുകയും ചെയ്യും. പണം അപ്പോൾ തന്നെ ലഭിക്കും. അതുകൊണ്ട് കേരകർഷകർ സഹകരണ സംഘങ്ങളെ ഒഴിവാക്കി വ്യാപാരികൾക്ക് പച്ചത്തേങ്ങ കൊടുക്കാൻ നിർബന്ധിതരാവുകയാണെന്നും കർഷകർ പറയുന്നു.