
പിലാത്തറ: കൈതപ്രം വണ്ണാത്തി പുഴയിൽ കാൽ തെന്നി വീണ 89കാരി വി.കെ.അമ്മാളുഅമ്മയുടെ ജീവൻ രക്ഷിച്ച ഉണ്ണി രഞ്ജിത്തിനെ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ആദരിച്ചു. കെ.പി.സി.സി അംഗം എം.പി ഉണ്ണികൃഷ്ണൻ, കെ. ജയരാജ്, ഗ്രാമ പഞ്ചായത്തംഗം എൻ.കെ.സുജിത്ത്, രാജേഷ് മല്ലപ്പള്ളി, കെ.പി.മുരളീധരൻ, മനോജ് കൈതപ്രം, പി.വി.രാമചന്ദ്രൻ, അക്ഷയ് പറവൂർ, കെ.എ.രാഘവ പൊതുവാൾ എന്നിവർ സംബന്ധിച്ചു.
കഴിഞ്ഞദിവസം സന്ധ്യക്കാണ് കൈതപ്രം ശ്രീകൃഷ്ണൻ മതിലകം ക്ഷേത്രത്തിനടുത്ത പുഴയിൽ കുളിക്കാനിറങ്ങിയ വി.കെ.അമ്മാളുഅമ്മയെ ഉണ്ണി രഞ്ജിത്ത് സാഹസികമായി രക്ഷപ്പെടുത്തിയത്. തങ്കം കണിയേരി എന്ന സ്ത്രീ നിലവിളിച്ചതോടെയാണ് ശബ്ദംകേട്ട് ഓടിയെത്തിയ മംഗലം ദാമോദരൻ നമ്പൂതിരി ഉണ്ണി രഞ്ജിത്തിനെ വിവരം അറിയിച്ചത്. രക്ഷാപ്രവർത്തനത്തിനിടയിൽ ചെറിയ അസ്വസ്ഥതകൾ ഉണ്ടായ ഉണ്ണി രഞ്ജിത്തിനും ആശുപത്രിയിൽ ചികിത്സ നൽകിയിരുന്നു.