തൃക്കരിപ്പൂർ: സ്കൂൾ കുട്ടികളുമായി പോകുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞ് അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്ക്. കൈക്കോട്ട് കടവ് സ്കൂളിലേക്ക് വിദ്യാർത്ഥികളുമായി പോകുന്ന ഓട്ടോറിക്ഷയാണ് നിയന്ത്രണം തെറ്റി അപകടത്തിൽപ്പെട്ടത്. പടന്ന കടപ്പുറം ഭാഗത്ത് നിന്നുള്ള വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ഓട്ടോയാണ് ബീരിച്ചേരി വൾവക്കാട് തട്ടിൽ റോഡിൽ നിന്ന് വയലിലേക്ക് തല കീഴായി മറിഞ്ഞത്. കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് അപകടത്തിൽപ്പെട്ട വിദ്യാർത്ഥികളെ പുറത്തെടുത്തത്. അഞ്ച് പേർക്ക് തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നല്കി. പരിക്കുകൾ ഗുരുതരമല്ല. അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷയിൽ പതിനാലോളം കുട്ടികൾ ഉണ്ടായതായും അനുവദനീയമായതിലധികം കുട്ടികളെ കുത്തി നിറച്ച് യാത്ര ചെയ്തതാണ് അപകടത്തിന് കാരണമെന്നും രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ, മെമ്പർമാരായ എ.കെ ഹാഷിം, ഫായിസ് ബീരിച്ചേരി, സ്കൂൾ മാനേജർ അഷ്‌റഫ്‌, എസ്. കുഞ്ഞാഹമദ് എന്നിവർ ആശുപത്രി സന്ദർശിച്ചു.