kappatt

കാപ്പാട്ട് കഴകം പെരുങ്കളിയാട്ടം

പയ്യന്നൂർ:കാപ്പാട്ട് കഴകത്തിൽ 28 വർഷത്തിന് ശേഷം ഫെബ്രവരി 25 മുതൽ മാർച്ച് 3 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിന് ഭഗവതിമാരുടെ തിരുമുടി നിർമ്മിക്കുന്നതിനായുള്ള

കവുങ്ങും മുളയും കഴകം തിരുസന്നിധിയിലെത്തി. പെരുങ്കളിയാട്ടത്തിന്റെ സമാപന ദിവസം അരങ്ങിലെത്തുന്ന കാപ്പാട്ട് ഭഗവതിയുടെയും പോർക്കലി ഭഗവതിയുടെയും നാൽപ്പത്തീരടി ഉയരമുള്ള തിരുമുടിക്കാവശ്യമായ കവുങ്ങും മുളയുമാണ് വാല്യക്കാർ ചുമലിലേറ്റി കഴകം തിരുസന്നിധിയിൽ എത്തിച്ചത്. കാപ്പാട്ട് ഭഗവതിയുടെ സഹോദരി സങ്കൽപത്തിലുള്ള കല്യോട്ട് ഭഗവതി ക്ഷേത്ര കഴകത്തിൽ നിന്ന് കമുകും മുളവന്നൂർ കഴകത്തിൽ നിന്ന് മുളയുമാണ് ആചാര വിധി പ്രകാരം മുറിച്ചെടുത്തത്.

കല്യോട്ട് കഴകത്തിനടുത്തുള്ള കണ്ണോത്ത് പറമ്പ് കിഴക്കേക്കരയിലെ കിഴക്കേക്കര കരുണാകരന്റെയും സുരേശന്റെയും പറമ്പുകളിൽ നിന്നാണ് രണ്ട് കവുങ്ങുകൾ മുറിച്ചെടുത്തത്. ജന്മാശാരി പി.വി.രാഘവനാചാരി ഗണപതിയെ പ്രീതിപ്പെടുത്തിയ ശേഷം വിവിധ കഴകങ്ങളിലെയും ക്ഷേത്രങ്ങളിലെയും സ്ഥാനികർ കനകപ്പൊടി വിതറി ശുദ്ധമാക്കിയ ശേഷം ജന്മാശാരി കൈയുളി കൊണ്ട് കൊത്തിട്ടു. തുടർന്ന് അവകാശികൾ മുറിച്ച കമുക് നിലത്ത് വീഴാതെ വാല്യക്കാർ ചുമലിലേറ്റി കല്യോട്ട് കഴകത്തിന്റെ നടയിൽ എത്തിച്ചു. ഇതേ സമയം മുളവന്നൂർ കഴകത്തിൽ നിന്ന് സ്ഥാനികരുടെ സാന്നിധ്യത്തിൽ ജന്മാശാരി കൊത്തിട്ട രണ്ട് മുളകൾ അവകാശികൾ മുറിച്ചെടുത്തപ്പോൾ വാല്യക്കാർ നിലത്ത് വീഴാതെ ചുമലിലേറ്റി കഴകം നടയിലെത്തിച്ചു. തുടർന്ന് കല്യോട്ട് കഴകത്തിൽ നിന്നും മുളവന്നൂർ കഴകത്തിൽ നിന്നും വാല്യക്കാർ കോയ്മമാരുടെയും ആചാരക്കാരുടെയും കോലധാരികളുടെയുമൊപ്പം കമുകും മുളയും ചുമലിലേറ്റി 55 കിലോമീറ്റർ കാൽനടയായാണ് പയ്യന്നൂർ കാപ്പാട്ട് കഴകത്തിൽ എത്തിച്ചത്.

വഴി നീളെ സ്വീകരണങ്ങളും

വഴി നീളെ യാദവ സഭ യൂണിറ്റുകളും വിവിധ ക്ഷേത്രങ്ങളും പാറപ്പള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി, മസ്ജിദിന് മുന്നിലും സ്വീകരണങ്ങൾ നൽകി. പെരുങ്കളിയാട്ടത്തിന് ഒരുങ്ങിയ ചന്തേര മുച്ചിലോട്ട് ഭഗവതി ക്ഷേത്രവും വരവേൽപ് നൽകി. തുടർന്ന് ക്ഷേത്രപാലകനെയും തൃക്കരിപ്പൂർ ദേവനെയും വണങ്ങി കാപ്പാട്ട് ഭഗവതിയുടെ മൂത്ത സഹോദരി സങ്കൽപമായ കണ്ണമംഗലം കഴകത്തിലെ വരവേൽപ്പും സ്വീകരിച്ച് തിരുവമ്പാടി ശാസ്താവിനെയും വണങ്ങിയാണ് രാത്രി പത്ത് മണിയോടെ പയ്യന്നൂർ കാപ്പാട്ട് കഴകത്തിൽ എത്തിയത്.