baloon

തളിപ്പറമ്പ് ഹാപ്പിനസ് ചലച്ചിത്രമേള സമാപിച്ചു

തളിപ്പറമ്പ്: അസുലഭമായ ചലച്ചിത്രാനുഭവം സമ്മാനിച്ച് ഹാപ്പിനസ് അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് കൊടിയിറങ്ങി. മൂന്നുനാൾ പ്രേക്ഷകന്റെ കണ്ണും മനസും നിറച്ചാണ് തളിപ്പറമ്പിൽ ലോക സിനിമയുടെ ജാലകം അടഞ്ഞത്.

ക്ലാസിക്, ക്ലാസിക് ക്രൗൺ, ആലിങ്കീൽ പാരഡൈസ് എന്നീ മൂന്നു തിയേറ്ററുകളിലായി 31 സിനിമകളാണ് പ്രദർശിപ്പിച്ചത്. കൂടാതെ ടൗൺ സ്‌ക്വയറിലെ ഓപ്പൺ തിയേറ്ററിൽ ദിവസവും രാത്രി പ്രത്യേക പ്രദർശനവും നന്നു. ഉദ്ഘാടന ചിത്രമായ 'ദ ഓൾഡ് ഓക്ക്' മുതൽ അവസാനമായി പ്രദർശിപ്പിച്ച മലയാള ചിത്രം കാതലിന് വരെ പ്രേക്ഷകർ മികച്ച പിന്തുണയേകി.

നവതി നിറവിലെത്തെിയ എം ടിക്കും നടൻ മധുവിനും ആദരവായി 'എം ടി, മധു @90' എന്ന പേരിൽ തളിപ്പറമ്പ് ടൗൺ സ്‌ക്വയറിൽ നടത്തിയ എക്സിബിഷനും ശ്രദ്ധേയമായി. കുട്ടികൾ ഉൾപ്പെടെ നിരവധിപ്പേരാണ് പ്രദർശനത്തിനെത്തിയത്. പഴയകാല സനിമാചരിത്രം തൊട്ടറിഞ്ഞത്. സിനിമ താരങ്ങൾ, സംവിധായകർ, നിരൂപകർ തുടങ്ങിയവരുടെ സാന്നിധ്യം മേളയെ സമ്പന്നമാക്കിയതിനൊപ്പം ഗൗരവകരമായ ആശയവിനിമയങ്ങൾക്കും വേദിയൊരുക്കി. കൂടാതെ സിനിമ പ്രവർത്തകർ പങ്കെടുത്ത് വൈകുന്നേരങ്ങളിൽ നടന്ന ഓപ്പൺ ഫോറങ്ങൾ സനിമ മേഖലയിലെ വിവിധ വിഷയങ്ങളാണ് മുന്നോട്ടുവെച്ചത്.
മൂന്ന് ദിവസങ്ങളിലായി 1500 ഓളം ഡെലിഗേറ്റുകളാണ് മേളയുടെ ഭാഗമായത്. ക്ലാസിക് തിയേറ്ററിൽ നടന്ന സമാപന ചടങ്ങിൽ സംഘാടകരും ഡെലിഗേറ്റുകളും ഒരുമയുടെ സന്ദേശം പകർന്ന് ആകാശത്തേക്ക് ബലൂണുകൾ പറത്തി.

ജാതി വിവേചനം വിഷയമാക്കി നീലമുടി

പെരിങ്ങോടെന്ന കൊച്ചു ഗ്രാമത്തിലെ ബ്ലോഗറുടെയും അവന്റെ കൂട്ടുകാരുടെയും ജീവിതത്തിലൂടെ കാലിക പ്രസക്തിയുള്ള കഥയായിരുന്നു സമാപനദിനത്തിൽ അവതരിപ്പിക്കപ്പെട്ട ശരത്കുമാറിന്റെ 'നീലമുടി'. വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം, ജാതി വിവേചനം തുടങ്ങിയ വിഷയങ്ങളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. നവമാദ്ധ്യമങ്ങളുടെ വരവോടെ ജാതിവെറിക്കും വർണ വിവേചനത്തിനും മറ്റൊരു മുഖം കൂടി ലഭിച്ചുവെന്നും ചിത്രം പറയുന്നു. റാം ഡി സ്റ്റുഡിയോസിന്റെ ബാനറിൽ റാം മോഹനും ദീപ്തിയും ചേർന്ന് നിർമ്മിച്ച ചിത്രം ശരത്കുമാറാണ് സംവിധാനം ചെയ്തത്. സുബ്രഹ്മണ്യൻ, ശ്രീനാഥ്, മജീദ്, ആദിത്യ ബേബി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലാണ് നീലമുടി പ്രദർശിപ്പിച്ചത്.

റഷ്യയിൽ നിന്നെത്തി 'യവനിക' കണ്ടു

ഐ എഫ് എഫ് കെയുടെ ഇൻസ്റ്റാഗ്രാം പേജ് വഴിയാണ് തളിപ്പറമ്പിലെ മേളയെക്കുറിച്ച് റഷ്യൻ പൗരനായ നിക്കോളാസ് അറിഞ്ഞതും തളിപ്പറമ്പിലെത്തിയതും.നല്ല സിനിമകൾ ആസ്വദിക്കാൻ ഭാഷ പ്രശ്നമല്ല. സിനിമയോടുള്ള അഭിനിവേശമാണ് തളിപ്പറമ്പിലെത്തിച്ചത്. ഇവിടെ നിന്നും പരമാവധി സിനിമ കാണും. ആദ്യം കണ്ടത് നിക്കോളജ് ആർസെൽ സംവിധാനം ചെയ്ത ദി പ്രോമിസ്ഡ് ലാൻഡാണ്. കേരളത്തിന്റെ സൗന്ദര്യം തനിക്ക് പ്രിയപ്പെട്ടതാണ്. ഇവിടുത്തെ തനത് രുചികളും പ്രകൃതി സൗന്ദര്യവും ആസ്വദിച്ചാണ് യാത്ര തുടരുന്നത്' നിക്കോളാസ് പറഞ്ഞു.

അടുത്തവർഷം മുതൽ ഹാപ്പിനസ് കൾച്ചറൽ കളക്ടീവ്

തളിപ്പറമ്പ് മണ്ഡലത്തിന്റെ സാംസ്‌കാരിക മേഖലക്ക് കൂടുതൽ ഉണർവ്വേകാൻ ഹാപ്പിനസ് കൾച്ചറൽ കളക്ടീവ് എന്ന പേരിൽ കൂട്ടായ്മ ആരംഭിക്കുമെന്ന് എം.വി.ഗോവിന്ദൻ എം.എൽ.എ. വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വായനശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, വിവിധ സാംസ്‌കാരിക കൂട്ടായ്മകൾ തുടങ്ങിയവ കേന്ദ്രീകരിച്ചാകും ഇതിന്റെ പ്രവർത്തനം. ഇതിലൂടെ ചലച്ചിത്രമേളകൾ, ലിറ്ററേച്ചർ ഫെസ്റ്റിവെൽ, പുസ്തകമേള, കൾച്ചറൽ ഫെസ്റ്റിവലുകൾ എന്നിവ നടത്തും. തളിപ്പറമ്പ് ചിറവക്കിൽ 98 ലക്ഷം ചിലവിൽ ആയിരത്തിലധികം പേരെ ഉൾകൊള്ളിക്കാവുന്ന ഹാപ്പിനസ് സ്‌ക്വയറിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഹാപ്പിനസ് കൾച്ചറൽ കളക്ടീവിന്റെ ലോഗോ എം.വി.ഗോവിന്ദൻ എം.എൽ.എ സംവിധായകൻ ജിയോ ബേബിക്ക് നൽകി പ്രകാശനം ചെയ്തു.വാർത്താ സമ്മേളനത്തിൽ ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി അജോയ്, സംവിധായകരായ ജിയോ ബേബി, ഷെറി ഗോവിന്ദ്, നടൻ സന്തോഷ് കീഴാറ്റൂർ, സംഘാടക സമിതി ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ തുടങ്ങിയവരും പങ്കെടുത്തു.