
കാസർകോട്: കരിന്തളം ഗവ.കോളജിൽ അദ്ധ്യാപക നിയമനത്തിനായി വ്യാജ പരിചയ സർട്ടിഫിക്കറ്റ് ചമച്ചെന്ന കേസിൽ എസ്.എഫ്.ഐ മുൻ നേതാവ് കെ.വിദ്യക്കെതിരെ ഹൊസ്ദുർഗ് കോടതിയിൽ നീലേശ്വരം പൊലീസ് കുറ്റപത്രം സമർപ്പിച്ചു.വ്യാജരേഖ നിർമ്മിക്കാൻ വിദ്യയ്ക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും വിദ്യ മാത്രമാണ് പ്രതിയെന്നുമാണ് ഹൊസ്‌ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ
സമർപ്പിച്ച കുറ്റപത്രത്തിലുള്ളത്.
വ്യാജരേഖ നിർമ്മിക്കൽ, സമർപ്പിക്കൽ, വഞ്ചന, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് തൃക്കരിപ്പൂർ മണിയനൊടി സ്വദേശിയായ കെ.വിദ്യക്കെതിരെയുള്ളത്. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചത് ഫോണിലൂടെയാണെന്നും തകരാർ സംഭവിച്ചതിനാൽ ആ ഫോൺ ഉപേക്ഷിച്ചെന്നുമാണ് വിദ്യ പൊലീസിന് മൊഴി നൽകിയിരുന്നത്. മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ഒരു വർഷം കരിന്തളം ഗവ. കോളേജിൽ വിദ്യ ജോലി ചെയ്തിരുന്നു.വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സർക്കാർ ശമ്പളം കൈപറ്റി.കഴിഞ്ഞ ജൂൺ 27നാണ് കേസിൽ വിദ്യ അറസ്റ്റിലായത്. നേരത്തെ അന്വേഷണം പൂർത്തിയാക്കിയ കേസിൽ മണ്ണാർക്കാട് കോടതിയിൽ നിന്ന് ചില ശാസ്ത്രീയ തെളിവുകളുടെ സർട്ടിഫൈഡ് കോപ്പികൾ ലഭിക്കാനുള്ള കാലതാമസം മൂലം കുറ്റപത്രം സമർപ്പിക്കാൻ വൈകിയെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം.
കരിന്തളത്ത് ഒരു വർഷത്തോളം ജോലി ചെയ്ത വിദ്യ 2,78,250 രൂപ ജോലിയിലൂടെ സമ്പാദിച്ചുവെന്ന് പൊലീസ് നേരത്തെ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. സീനിയറായിരുന്ന കെ.രജിതയെ മറികടക്കുന്നതിനാണ് വിദ്യ വ്യാജരേഖ ചമച്ചത്. നേരത്തെ ഉദുമ സർക്കാർ കോളേജിൽ പ്രവൃത്തിപരിചയത്തിന്റെ അടിസ്ഥാനത്തിൽ കെ. വിദ്യയെ മറികടന്ന് രജിത നിയമനം നേടിയിരുന്നു. ഇതേത്തടുർന്നാണ് കരിന്തളം കോളേജിൽ ജോലി നേടാനായി വിദ്യ വ്യാജസർട്ടിഫിക്കറ്റ് സമർപ്പിച്ചത്.ഇതിന് ശേഷം അട്ടപ്പാടി കോളജിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയെടുക്കാനുള്ള ശ്രമത്തിനിടെ പ്രിൻസിപ്പലിനുണ്ടായ സംശയമാണ് വിദ്യയ്ക്കെതിരായ അന്വേഷണത്തിലേക്ക് നയിച്ചത്.