kaumudi

കണ്ണൂർ: വികസന ക്ഷേമപ്രവർത്തനങ്ങളുമായി മുന്നോട്ടു കുതിക്കുന്ന കേരളത്തിനൊപ്പം കണ്ണൂർ ജില്ലയുടെ വികസന സാദ്ധ്യതകളെ മുൻനിർത്തി നേട്ടങ്ങളും പ്രതിബന്ധങ്ങളും ചർച്ച ചെയ്യുന്ന 'എമർജിംഗ് കേരള ഗ്രോയിംഗ് കണ്ണൂർ' എന്ന ബിസിനസ് കോൺക്ലേവ് നാളെ കണ്ണൂരിൽ നടക്കും.
ജില്ലയുടെ ഭാവി വളർച്ചയ്ക്കുള്ള നിർദ്ദേശങ്ങൾ കോൺക്ലേവിൽ സമാഹരിക്കും. പരിപാടിയോടനുബന്ധിച്ച് സംരംഭകമേഖലയിലും സാമൂഹികമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെയും സംഘടനകളെയും പുരസ്‌കാരം നൽകി ആദരിക്കും. രാവിലെ 11ന് കണ്ണൂർ ചേംബർഹാളിൽ നടക്കുന്ന പരിപാടി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ, കെ. സുധാകരൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, കെ.വി. സുമേഷ് എം.എൽ.എ, എസ്.എൻ.ഡി.പി. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവർ മുഖ്യാതിഥികളാകും. കണ്ണൂർ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എസ്. ഷിറാസ് 'വികസിത കേരളം വളരുന്ന കണ്ണൂർ ' എന്ന വിഷയം അവതരിപ്പിക്കും. സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്, സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം സി.പി. ഷൈജൻ, നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ടി.കെ. രമേഷ്‌കുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഡോ. എം. സുർജിത്ത്, എസ്.എൻ.ഡി.പി. കണ്ണൂർ യൂണിയൻ സെക്രട്ടറി പി.പി. ജയകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുക്കും. കേരള കൗമുദി യൂണിറ്റ് ചീഫ് ഒ.സി. മോഹൻരാജ് അദ്ധ്യക്ഷത വഹിക്കും. മാർക്കറ്റിംഗ് മാനേജർ പ്രിൻസ് സെബാസ്റ്റ്യൻ സ്വാഗതവും ബ്യൂറോ ചീഫ് കെ. സുജിത്ത് നന്ദിയും പറയും.

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടിയ കണ്ണൂർ ടീം,​ ഡോ. എ.പി.ജെ. അബ്ദുൽകലാം പുരസ്‌കാര ജേതാവ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, കഴിഞ്ഞ രണ്ടു വർഷക്കാലത്തിലേറെയായി സോഷ്യൽ മീഡിയയിലെ തരംഗമായ പാട്ടുവീട്,​ സഹകരണ പ്രസ്ഥാനത്തിന്റെ അഭിമാനസ്തംഭമായ കേരള ദിനേശ്, ഊദ് കർഷകൻ ഹരീഷ് നെല്ലൂർ,​കുടുംബശ്രീ സംരംഭമായ ദി ട്രാവലർ വനിതാ ടൂർ എന്റർപ്രൈസസിന്റെ സാരഥികൾ എന്നിവർക്ക് ചടങ്ങിൽ ആദരം നൽകും. പ്രമുഖ ബിൽഡർ ഗ്രൂപ്പായ കെ.എം.ജി. ഡെവലപ്പേഴ്സ് സാരഥി മാത്യു കെ. ജോർജ്, നടനും വന്ധ്യതാ ചികിത്സാ മേഖലയിലെ പ്രശസ്തനുമായ ഡോ. അമർ രാമചന്ദ്രൻ, റെസ്റ്റ്‌ലോൺ കംഫർട്സ് മാനേജിംഗ് പാർട്ണർ ഡോ. അജാദ് ഖാലിദ്, ബിസിനസ് സംരംഭകനായ ശിൽപ ഇൻഡസ്ട്രീസ് ഉടമ എം.വി. ശിവരാജൻ, ചിൽക്കീസ് ഐസ്‌ക്രീം സാരഥി കെ.പി. മധുസൂദനൻ, വ്യവസായ സംരംഭകൻ ഡെന്നിസ് തോമസ്, പ്രശസ്ത ഡെർമറ്റോളജിസ്റ്റ് ഡോ. ഫിറോസ് കുരിക്കളകത്ത്, ഓക്സിജൻ നിർമ്മാതാക്കളായ ബാൽകോ സാരഥികൾ എന്നിവർക്ക് സംരംഭകത്വ പുരസ്‌കാരം നൽകും.