പയ്യന്നൂർ: നഗരസഭ ആതിഥ്യമരുളുന്ന ത്രിദിന സാഹിത്യോത്സവം നാളെ ആരംഭിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് 5ന് ടി.ഐ. മധുസൂധനൻ എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ കന്നട സാഹിത്യകാരൻ വിവേക് ഷാൻബാഗ് ഉദ്‌ഘാടനം ചെയ്യും. സി.വി. ബാലകൃഷ്ണൻ, കരിവെള്ളൂർ മുരളി, കുരീപ്പുഴ ശ്രീകുമാർ എന്നിവർ മുഖ്യാതിഥികളായിരിക്കും. കേന്ദ്രസാഹിത്യ അക്കാഡമി അവാർഡ് ജേതാവ് ഇ.വി. രാമകൃഷ്ണൻ, കേരള ചരിത്രഗവേഷണ കൗൺസിൽ ഡയറക്ടറായി നിയമിതനായ ദിനേശൻ വടക്കിനിയിൽ എന്നിവരെ എം.വി. ജയരാജൻ ആദരിക്കും. വെള്ളിയാഴ്ച രാവിലെ 9.30ന് എഴുത്തുകാരുടെ സംഗമത്തോടെ സെഷനുകൾക്ക് തുടക്കമാവും.

പയ്യന്നൂരിലെ എഴുത്തുകാരുടെയും നാടക കലാകാരന്മാരുടെയും സംഗമം,​ ഭിന്നശേഷി കലാമേള, വനിത സംസ്കാരികോത്സവം, ബാലസാഹിത്യോത്സവം,​ പുസ്തകോത്സവം എന്നിവ സാഹിത്യോത്സവത്തിന്റെ ഭാഗമായി നടക്കും. സെമിനാറുകൾ, പാനൽ ചർച്ചകൾ, അഭിമുഖങ്ങൾ, പ്രഭാഷണങ്ങൾ, സംവാദങ്ങൾ, സാഹിത്യക്യാമ്പ് എന്നിവയിലായി നൂറിലധികം എഴുത്തുകാർ പങ്കെടുക്കും.

എം.എ. ബേബി, സുനിൽ പി. ഇളയിടം, ബെന്യാമിൻ, വെങ്കിടേഷ് രാമകൃഷ്ണൻ, പി.എൻ. ഗോപീകൃഷ്ണൻ, കെ.പി. രാമനുണ്ണി, കെ.പി. മോഹനൻ, സുഭാഷ്ചന്ദ്രൻ, ജിയോ ബേബി, ഇന്ദുമേനോൻ, കെ.പി. സുധീര, ദീപ നിശാന്ത്, ഫ്രാൻസിസ് നൊറോണ, മധുപാൽ, ടി.ഡി. രാമകൃഷ്ണൻ, സന്തോഷ് ഏച്ചിക്കാനം, ശീതൾ ശ്യാം, ആർ. രാജശ്രീ തുടങ്ങിയവർ പങ്കെടുക്കും. മൂന്ന് ദിവസം മൂന്നു വേദികളിലായി 40 ഓളം സെഷനുകളാണ് സാഹിത്യോത്സവത്തിലുണ്ടാകുക. ഭക്ഷണമൊരുക്കുന്നതിനായി

44 വാർഡുകളിൽ നിന്നും ഉൽപ്പന്നങ്ങൾ ശേഖരിക്കുന്നു. ഞായറാഴ്ച വൈകീട്ട് 5ന് ഗാന്ധി പാർക്കിൽ നടക്കുന്ന സമാപനസമ്മേളനം തമിഴ് എഴുത്തുകാരി സൽ‍മ ഉദ്‌ഘാടനം ചെയ്യും. വിവിധ കലാ - സാംസ്കാരിക പരിപാടികളും ഉണ്ടാവും.

വാർത്താസമ്മേളനത്തിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത, വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, സെക്രട്ടറി എം.കെ. ഗിരീഷ്, എം. പ്രസാദ്, കെ.കെ. ഫൽഗുനൻ തുടങ്ങിയവർ പങ്കെടുത്തു.