നീലേശ്വരം: ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ച കെ.പി.സി.സി അംഗം അഡ്വ. കെ.കെ. നാരായണൻ കോൺഗ്രസിൽ നിന്നും രാജിവെച്ചു. ഇന്നലെ രാവിലെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് രാജിക്കത്ത് നൽകിയതായി അദ്ദേഹം പറഞ്ഞു. നീലേശ്വരം എൻ.കെ. ബാലകൃഷ്ണൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്ഥാനവും നീലേശ്വരം അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സ്ഥാനവും രാജിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് മാനേജിംഗ് കമ്മിറ്റി അംഗമാണെങ്കിലും പാർട്ടി നോമിനേഷനല്ലാത്തതിനാൽ ഈ സ്ഥാനം രാജിവയ്ക്കില്ല.
കഴിഞ്ഞ 40 വർഷത്തിലേറെയായി കോൺഗ്രസിന്റെ നേതൃനിരയിലുള്ള കെ.കെ. നാരായണൻ, ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിലപാടുകളിൽ ആകൃഷ്ടനായാണ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേരുന്നതെന്ന് പറഞ്ഞിരുന്നു. ശനിയാഴ്ച കാസർകോട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ ഉദ്ഘാടനത്തിനായി എത്തുന്ന ബി.ജെ.പി അഖിലേന്ത്യാ പ്രസിഡന്റ് ജെ.പി. നദ്ദയിൽ നിന്നും കെ.കെ.നാരായണൻ അംഗത്വം സ്വീകരിക്കും.
അതേസമയം കെ.കെയെ ബി.ജെ.പിയിൽ ചേരുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങി നിരവധി നേതാക്കൾ ശ്രമം നടത്തിയെങ്കിലും വഴങ്ങിയില്ല. കെ.കെ. നാരായണന് പിന്നാലെ മലയോരമേഖലയിൽ വൻസ്വാധീനമുള്ള മറ്റൊരു ഡി.സി.സി നേതാവും കോൺഗ്രസ് വിട്ടേക്കുമെന്ന സൂചനയുണ്ട്. മണ്ഡലം ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡി.സി.സിയുമായി ഇടഞ്ഞ മുതിർന്ന നേതാവാണ് കോൺഗ്രസ് വിടാൻ ഒരുങ്ങുന്നത്. കെ.കെ നാരായണനോടൊപ്പം ഈ നേതാവും ബി.ജെ.പി നേതൃത്വവുമായി പ്രാഥമിക ചർച്ച നടത്തിയിരുന്നുവെന്നാണ് അറിയുന്നത്.