
തൃക്കരിപ്പൂർ: സംസ്ഥാന കബഡി ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാണിയാട്ട് സംഘടിപ്പിക്കുന്ന സംസ്ഥാന ജൂനിയർ കബഡി ചാമ്പ്യൻഷിപ്പ് നാളെ ഉച്ചയ്ക്ക് 12ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് ചാമ്പ്യൻഷിപ്പ് തുടങ്ങും. 14 ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട ടീമാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുക. 14 വീതം പുരുഷ, വനിതാ ടീമുകൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിൽ 20 വയസ് പൂർത്തിയായ ആൺകുട്ടികൾ (70 കിലോ ഭാരം), പെൺകുട്ടികൾ (65 കിലോ ഭാരം) എന്നിവർക്കാണ് പങ്കെടുക്കാൻ അവസരം. ഫെബ്രുവരി ആദ്യവാരം തെലുങ്കാനയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട കേരള ടീമിന്റെ തിരഞ്ഞെടുപ്പും മാണിയാട്ടെ ചാമ്പ്യൻഷിപ്പിൽ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ കൺവീനർ ടി.വി ബാലനും ടെക്നിക്കൽ കമ്മിറ്റി അംഗം മുരളി ആണൂരും അറിയിച്ചു.