p
രാജ്മോഹൻ ഉണ്ണിത്താൻ എം.പി നടത്തിയ ഉപവാസ സമരം ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു.

ചെറുപുഴ: ചെറുപുഴ പഞ്ചായത്ത് ഭരണസമിതി വികസന കാര്യത്തിൽ രാഷ്ട്രീയം കലർത്തുന്നുവെന്നാരോപിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ചെറുപുഴയിൽ ഉപവാസ സമരം നടത്തി. എം.പി ഫണ്ടിൽ ചെറുപുഴ പഞ്ചായത്തിൽ അനുവദിച്ച മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് ആദ്യം അനുമതി നൽകുകയും പണം അനുവദിച്ച ശേഷം അനുമതി നിഷേധിക്കുകയും ചെയ്ത ചെറുപുഴ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനത്തിനെതിരെയാണ് എം.പി ചെറുപുഴ ടൗണിൽ ഉപവാസ സമരം നടത്തിയത്.

ഉപവാസ സമരം കണ്ണൂർ ഡി.സി.സി പ്രസിഡന്റ്‌ മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെറുപുഴ പഞ്ചായത്ത്‌ ചെയർമാൻ എ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം. ഉമ്മർ, ജോസഫ് മുള്ളൻമട, ഷാജഹാൻ പ്ലാക്കൽ, വി. കൃഷ്ണൻ, മഹേഷ്‌ കുന്നുമ്മൽ, ടി.വി. കുഞ്ഞമ്പു നായർ, കെ. ജയരാജ്‌, റോഷി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. ചാണ്ടി ഉമ്മൻ എം.എൽ.എ ഉപവാസ വേദിയിലെത്തി ആശംസകൾ അറിയിച്ചു. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റിനും ഭരണ സമിതിക്കുമെതിരേ രൂക്ഷമായ വിമർശനമാണ് രാജ് മോഹൻ ഉണ്ണിത്താൻ എം.പി നടത്തിയത്. നാടിന്റെ വികസന കാര്യത്തിൽ പഞ്ചായത്ത് ഭരണസമിതി രാഷ്ട്രീയം കാണുകയാണെന്നാണ് യു.ഡി.എഫ് നേതാക്കൾ പറയുന്നത്.

സമാപന സമ്മേളനത്തിൽ ജോർജ് മുള്ളൻമട അദ്ധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ള ഉദ്ഘാടനം ചെയ്തു. സഹദുള്ള നൽകിയ ഇളനീർ കടിച്ച് രാജ് മോഹൻ ഉണ്ണിത്താൻ എംപി ഉപവാസം അവസാനിപ്പിച്ചു. വി.പി. അബ്ദുൾ റഷീദ്, എം. നാരായണൻ കുട്ടി, എം.കെ. രാജൻ, കെ.കെ. സുരേഷ് കുമാർ, എ.പി. നാരായണൻ, കുട്ടിച്ചൻ തുണ്ടിയിൽ, പി.കെ. ഗോപിനാഥ്, രാജു കട്ടക്കയം, ടോമി പ്ലാച്ചേരി സംസാരിച്ചു.