bjp

കാസർകോട് : 'മോദിയുടെ ഗ്യാരണ്ടി പുതിയ കേരളം' എന്ന മുദ്രാവാക്യവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന എൻ.ഡി.എ കേരള പദയാത്ര 27 ന് കാസർകോട് നിന്ന് ആരംഭിക്കും. വൈകിട്ട് മൂന്നിന് താളിപ്പടുപ്പ് മൈതാനത്ത് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ ഉദ്ഘാടനം ചെയ്യും. ബി.ജെ. പിയുടെയും എൻ.ഡി.എ ഘടകകക്ഷികളുടെയും ദേശീയ, സംസ്ഥാന നേതാക്കൾ സംബന്ധിക്കും.

25,000 പേർ അണിനിരക്കുന്ന പദയാത്ര ആദ്യദിവസം മേൽപ്പറമ്പിൽ സമാപിക്കും. രാവിലെ കെ.സുരേന്ദ്രൻ മധൂർ ക്ഷേത്ര ദർശനം നടത്തും. 10.30 ന് കുമ്പളയിൽ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുടെ യോഗത്തിൽ ജെ.പി. നദ്ദയും പങ്കെടുക്കും. 12ന് ജീവൻ മാനസ ഓഡിറ്റോറിയത്തിൽ കാസർകോട് ലോക്‌സ‌ഭാ മണ്ഡലത്തിലെ മത സാമുദായിക സാംസ്‌കാരിക നേതാക്കളുടെ സ്നേഹസംഗമം.

ഒരു മണ്ഡലത്തിൽ പത്ത് കിലോമീറ്റർ വീതം പദയാത്ര നടത്താനാണ് തീരുമാനം. രാവിലെ ചർച്ചകളും കൂടിക്കാഴ്ചകളും കഴിഞ്ഞു ഉച്ചയ്‌ക്ക് ശേഷമാണ് പദയാത്ര. ഓരോ മണ്ഡലത്തിലും ഉദ്‌ഘാടന, സമാപന സമ്മേളനങ്ങൾ ഉണ്ടാകും. പദയാത്രയിൽ മുന്നണി നേതാക്കൾ മാറിമാറി പങ്കെടുക്കും. 29ന് കണ്ണൂരിലും 30ന് വയനാട്ടിലും 31 ന് വടകരയിലും പദയാത്ര കടന്നു പോകും. 20 മണ്ഡലങ്ങളിലും പര്യടനം നടത്തിയ ശേഷം അടുത്ത മാസം 27 ന് പാലക്കാട്ട് ആണ് പദയാത്രയുടെ സമാപനം.

വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത്‌, ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ, ജനറൽ സെക്രട്ടറി എ. വേലായുധൻ, സംസ്ഥാന കൗൺസിൽ മെമ്പർ എൻ. സതീഷ് എന്നിവർ പങ്കെടുത്തു.