vyapari

കാസർകോട് : ചെറുകിട വ്യാപാര മേഖലയിൽ അനാവശ്യ നിയന്ത്രണങ്ങളും നിയമവും അടിച്ചേൽപ്പിക്കുന്നതിനെതിരെകേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര നയിക്കുന്ന വ്യാപാര സംരക്ഷണ യാത്ര 29ന് രാവിലെ കാസർകോട് നിന്ന് തുടങ്ങും. കാസർകോട് പഴയ പ്രസ് ക്ലബ് ജംഗ്‌ഷനിൽ നടക്കുന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ്ഷെരീഫിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രൻ യാത്ര ഉദ്‌ഘാടനം ചെയ്യും.

സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഫെബ്രുവരി 13ന് പൊതുയോഗത്തോടെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വ്യാപാര സംരക്ഷണയാത്ര സമാപിക്കും. അന്നേദിവസം കേരളത്തിലെ വ്യാപാരികൾ കടകളടച്ച് പണിമുടക്കി സമാപന റാലിയിൽ പങ്കെടുക്കും. അഞ്ച് ലക്ഷം വ്യാപാരികൾ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് സമർപ്പിക്കും.

ഉദ്‌ഘാടന പരിപാടിയിൽ 5000 വ്യാപാരികൾ പങ്കെടുക്കും. അന്നേദിവസം ഉച്ചയ്ക്ക് രണ്ടരക്ക് നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ നൽകുന്ന സ്വീകരണ പരിപാടിയിൽ 2000 വ്യാപാരികളെ പങ്കെടുപ്പിക്കും. വാർത്താസമ്മേളനത്തിൽ കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ്ഷെരീഫ്, ജനറൽ സെക്രട്ടറി കെ.ജെ.സജി, വൈസ് പ്രസിഡന്റ് എ.വി. ഹരിഹരസുതൻ, സെക്രട്ടറി കെ.ദിനേശ്, കാസർകോട് യൂണിറ്റ് പ്രസിഡന്റ് ടി.എ.ഇല്യാസ് എന്നിവർ സംബന്ധിച്ചു.