
ചെറുപുഴ: വീട്ടുമുറ്റത്തെ ഷെഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷാ കത്തി നശിച്ചു. ചെറുപുഴ ബാലവാടി റോഡിലെ പ്ലാക്കുഴിയിൽ ബിനോയിയുടെ ഓട്ടോറിക്ഷയാണ് ഇന്നലെ പുലർച്ചെ ഒന്നരയോടെ കത്തി നശിച്ചത്. പെട്രോൾ ഒഴിച്ച് തീയിട്ടതാണെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. ഈ സമയത്ത് ബിനോയി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തീ ഉയരുന്നത് കണ്ട അയൽവാസിയാണ് ബിനോയിയെ വിളിച്ച് വിവരം പറയുന്നത്. വെള്ളമൊഴിച്ച് ഉടൻ തീ കെടുത്തിയെങ്കിലും അതിനകം ഓട്ടോ പൂർണ്ണമായും കത്തിനശിച്ചു. തൊട്ടടുത്തു കിടന്ന ടവേര കാറിനും ചെറിയ കേടുപറ്റി. ഷെഡിന്റെ ഷീറ്റിനും വീടിന്റെ ഭിത്തിയുലുമൊക്കെ തീയേറ്റതിന്റെ പാടുണ്ട്. ഓട്ടോറിക്ഷയ്ക്കരുകിൽ ചാക്കിൽ കെട്ടിവെച്ചിരുന്ന അടയ്ക്കയും കത്തിനശിച്ചു. ചെറുപുഴ എസ്.എച്ച്.ഒ ടി.പി.ദിനേഷിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സി സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.
കുറ്റവാളികളെ വെളിച്ചത്തുകൊണ്ടുവരണമെന്ന് ഐ.എൻ.ടി.യു.സി
ചെറുപുഴയിൽ ഓട്ടോറിക്ഷ തീവച്ച് നശിപ്പിച്ചതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ഓട്ടോ തൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു.സി)കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇരുട്ടിന്റെ മറവിൽ ഓട്ടോറിഷ തീവച്ച് നശിപ്പിച്ചത് വഴി ഒരു കുടുംബത്തിന്റെ ഉപജീവനമാർഗമാണ് ഇല്ലാതായത്. ഐ.എൻ.ടി.യു.സി കണ്ണൂർ ജില്ലാ പ്രസിഡന്റ് എ.പി. നാരായണൻ, യൂണിയൻ നേതാക്കന്മാരായ ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് കാനായി, വി.ആർ.സുജിത്, പി.പി.ബാലകൃഷ്ണൻ, മോഹനൻ തട്ടുമ്മൽ, തമ്പാൻ പെരിങ്ങേത്ത്, അനീഷ് ആന്റണി, പി. മനീഷ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.