
ഇരിട്ടി: ആറളം പൊലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം പത്ത് വർഷം മുൻപ് ബീഹാറിൽ നിന്നും കാണാതായ യുവാവ് ബന്ധുക്കളുടെ സമീപത്തെത്തി. ബീഹാർ ജിനേദ് പൂർ സ്വദേശി റാം ആഷിഷ് യാദവ് (45) നാണ് വീണ്ടും ജന്മനാട്ടിലെത്താനുള്ള വഴി തെളിഞ്ഞത്.
കഴിഞ്ഞ 19 നാണ് വളയംചാൽ ഫോറസ്റ്റ് ഓഫീസിന് സമീപം മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന അന്യസംസ്ഥാനക്കാരനായ യുവാവിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കണ്ടത് .വിവരം ലഭിച്ചതിനെ തുടർന്ന് ആറളം സ്റ്റേഷനിലെ എ.എസ്.ഐ മനോഹരനും സഹപ്രവർത്തകരും സ്ഥലത്ത് എത്തി വിവരങ്ങൾ തിരക്കിയെങ്കിലും ബീഹാർ ജിനേദ് പൂർ സ്വദേശി റാം ആഷിഷ് യാദവ് (45) എന്ന പേരുമാത്രമാണ് ലഭിച്ചത്. ഉടൻ തന്നെ അറയങ്ങാട്ടെ സ്‌നേഹഭവനിലെത്തിച്ച ശേഷം പൊലീസ് യുവാവിനെക്കുറിച്ച് അന്വേഷണം തുടങ്ങി. ഇരിട്ടി എ.എസ്.പി യോഗേഷ് മന്ദയ്യ ബീഹാർ പൊലീസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരം ശേഖരിച്ചതാണ് നിർണായകമായത്. 2013 ൽ ഇങ്ങനെയൊരാളെ ജിനേദ്പൂരിൽ നിന്ന് കാണാതായിട്ടുണ്ടെന്ന് വിവരം കിട്ടി. പൊലീസിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ യുവാവിന്റെ ബന്ധുക്കളായ സിയാറാം യാദവ്, സത്രി ദാം യാദവ് എന്നിവർ ഇരിട്ടി എ.എസ്.പി ഓഫീസിൽ എത്തി. ഇവർ കോളയാട് അറയങ്ങാടുള്ള സ്‌നേഹഭവനിൽ എത്തി യുവാവിനെ തിരിച്ചറിഞ്ഞു. ഈയാളെയും കൂട്ടി സംഘം നാട്ടിലേക്ക് ഇന്നലെ പുറപ്പെട്ടു.
രാജ് ഗിർ യാദവ്- സീതാദേവി ദമ്പതികളുടെ ഏകമകനാണ് ഈയാളെന്ന് ബന്ധുക്കൾ പറഞ്ഞു. മാതാപിതാക്കൾക്ക് വീഡിയോ കോളിലൂടെ മകനെ കാണിച്ചുകൊടുത്തു. നഷ്ടപ്പെട്ടെന്ന് കരുതിയ മകന്റെ ദൃശ്യങ്ങൾ ഫോണിലൂടെ കണ്ടതോടെ കേരള പൊലീസിന് നിറകണ്ണുകളോടെ നന്ദി അറിയിക്കുകയായിരുന്നു മാതാപിതാക്കൾ
വെളിച്ചമായത് ഇവർ 
ആറളം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ രാജേഷ് ആയോടൻ, എസ്.ഐ സനീഷ് എന്നിവരുടെ നിർദ്ദേശപ്രകാരം എസ്.ഐ കെ.പി.രമേശൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ പി.ബൈജു, സിവിൽ പൊലീസ് ഓഫീസർ ആൽബിൻ അഗസ്റ്റിൻ എന്നിവർ അറയങ്ങാട് സ്‌നേഹഭവനിൽ എത്തിയാണ് ബ്രദർ എം.ജെ. സ്റ്റീഫൻ, സിസ്റ്റർ സോഫിയ, ആറു ദിവസമായി ഈയാളെ പരിചരിച്ച ബിനു ജോസഫ്, ബെല്ല എന്നിവരുടെ സാന്നിധ്യത്തിൽ യുവാവിനെ യാദവിനെ ബന്ധുക്കൾക്ക് കൈമാറിയത്.സ്നേഹഭവനും പൊലീസിനും നന്ദി അറിയിച്ചാണ് ബീഹാറി സ്വദേശികൾ നാട്ടിലേക്ക് മടങ്ങിയത്.
റാം ആശിഷ് യാദവിന്റെ ബന്ധുക്കളായ സിയാറാം യാദവ്, സത്രി ദാം യാദവ് എന്നിവർ ആറളം പോലീസിനൊപ്പം അറയങ്ങാട് സ്‌നേഹഭവനിലെത്തി അദ്ദേഹത്തെ പരിചരിച്ച സ്‌നേഹഭവൻ അംഗങ്ങളിൽ നിന്നും നാട്ടിലേക്കു കൂട്ടിക്കൊണ്ടപോകുന്നു