കണ്ണൂർ: രാജ്യത്തിന്റെ സ്വാതന്ത്ര്യവും മതേതരത്വവും പരമാധികാരവും പ്രാണവായു പോലെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഓരോരുത്തർക്കുമുണ്ടെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പൊലീസ് മൈതാനത്ത് നടന്ന പരേഡിൽ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലാസ് പരേഡ് ഗ്രൗണ്ടിൽ നടന്ന പരേഡിൽ 33 പ്ലാറ്റൂണുകൾ അണിനിരന്നു. പൊലീസ്, എക്‌സൈസ്, എൻ.സി.സി, സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ്, എസ്.പി.സി, ജൂനിയർ റെഡ് ക്രോസ് എന്നീ വിഭാഗങ്ങൾ പരേഡിൽ അണിനിരന്നു. മുഴക്കുന്ന് സർക്കിൾ ഇൻസ്‌പെക്ടർ എ. സന്തോഷ് കുമാർ പരേഡ് നയിച്ചു. ഡി.എസ്.സി ബാൻഡ് ട്രൂപ്പ്, ആർമി പബ്ലിക് സ്‌കൂൾ ബാൻഡ് ട്രൂപ്പ്, കടമ്പൂർ എച്ച്.എ.എസ്.എസ് എസ്.പി.സി ബാന്റ് ട്രൂപ്പ് എന്നിവർ അകമ്പടിയായി.
മട്ടന്നൂർ പഴശിരാജാ ബഡ്സ് സ്‌കൂളിലെ കുട്ടികളുടെ ബാൻഡും ട്രൂപ്പും മന്ത്രിയെ അഭിവാദ്യം ചെയ്തു. കെ.വി സമേഷ് എം.എൽ.എ, മേയർ മുസ്ലിഹ് മഠത്തിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, ഡെപ്യൂട്ടി മേയറായിരുന്ന കെ. ഷബീന, പത്മശ്രീ എസ്.ആർ.ഡി പ്രസാദ്, കളക്ടർ അരുൺ കെ. വിജയൻ, സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാർ, റൂറൽ പൊലീസ് മേധാവി എം. ഹേമലത, സബ്കളക്ടർ സന്ദീപ് കുമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.