
കണ്ണൂർ:പത്മശ്രീ പുരസ്‌കാരം തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് തളിപ്പറമ്പ് കുറ്റിക്കോൽ സ്വദേശിയും കഥകളി ആചാര്യനുമായ ഗുരു സദനം ബാലകൃഷ്ണനും കുടുംബവും.ചെറുപ്പം മുതൽ തുടങ്ങി ഈ എൺപതാം വയസ്സിലും കഥകളി ജീവിതത്തോട് ചേർത്തുവയ്ക്കുകയാണ് അദ്ദേഹം.
ഗുരു കൊണ്ടിവീട്ടിൽ നാരായണൻ നായരാണ് കഥകളി രംഗത്തേക്ക് കൈപിടിച്ചുയർത്തിയത്. കുറുമാത്തൂർ നാരായണൻ നമ്പൂതിരിപ്പാടിന്റെയും ഗാന്ധി സേവാസദൻ കഥകളി അക്കാഡമിയിൽ പ്രശസ്ത ഗുരുക്കന്മാരായ തെക്കിൻകാട്ടിൽ രാമുണ്ണി നായരുടെയും കീഴുപാടം കുമാരൻ നായരുടെയും കീഴിൽ പത്ത് വർഷത്തോളം തീവ്ര പരിശീലനം.പിന്നീട് കഥകളി അദ്ധ്യാപകനായും പ്രവർത്തിച്ചു.പറശ്ശിനിക്കടവ് മുത്തപ്പൻ കഥകളിയോഗം,ഗാന്ധി സേവാസദൻ കഥകളി അക്കാഡമി,പേരൂർ തുടങ്ങിയ സ്ഥലങ്ങളിൽ കലാകാരനും അദ്ധ്യാപകനുമായി പ്രവർത്തിച്ചു.
1974ൽ ഡൽഹി ഇന്റർനാഷണൽ സെന്റർ ഫോർ കഥകളിയിൽ അദ്ധ്യാപകനായി ചേർന്നു.1980ൽ അതിന്റെ പ്രിൻസിപ്പൽ ആയും ചീഫ് ആർട്ടിസ്റ്റായും ചുമതലയേറ്റു.2006ൽ വിരമിച്ചു.പേരൂർ ഗാന്ധി സേവാസദനം പ്രിൻസിപ്പൽ ആയും പ്രവർത്തിച്ചു.നാലു പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.സംഗീത നാടക അക്കാഡമി പുരസ്‌കാരം, കേരള കലാമണ്ഡലം ഫെലോഷിപ്പ്,2007ലെ കേരള കലാമണ്ഡലം പുരസ്‌കാരം, സ്വാതി തിരുനാൾ നാദലയ പുരസ്‌കാരം,നടന ഭാസ്‌കര പുരസ്‌കാരം,ഗാന്ധി സേവാസദനം കഥകളി അക്കാഡമിയുടെ ഗുരു പട്ടിക്കാംതൊടി സ്മാരക പുരസ്‌കാരം,കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ സ്മാരക പുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഭാര്യ:പി.വി. ജാനകി,മക്കൾ:പ്രദീപ്, പ്രസാദ്.മരുമക്കൾ: ബിന്ദു,സുധ.