mahesh

നീലേശ്വരം വീട്ടുമുറ്റം പഴവർഗ്ഗ സസ്യങ്ങളുടെ അപൂർവ്വ കാഴ്ചയൊരുക്കി മടിക്കൈ എരിക്കുളത്തെ തീർത്ഥങ്കരയിൽ താമസക്കാരനായ പി.വി.മഹേഷ് കുമാർ.വിദേശികൾക്കൊപ്പം മാവും പ്ലാവും ഓറഞ്ചുമടക്കമുള്ള മരങ്ങൾ പൂത്തുലഞ്ഞുകിടക്കുന്ന തോട്ടം കണ്ടാൽ ആരും അത്ഭുതം കൂറും.

ബ്രസീലിയൻ പഴവർഗമായ ജബൂട്ടിക്കാബ അഥവ മര മുന്തിരിയാണ് മഹേഷ് കുമാറിന്റെ വീടായ നിവേദ്യയ്ക്ക് മുന്നിലുള്ള മുറ്റത്തെ പ്രധാന താരം.ശാഖയിൽ തന്നെ വളരുന്ന മുന്തിരി പോലുള്ള പഴമാണിത്. ഒൻപത് വിദേശ മാവിനങ്ങളാണ് വീട്ടുമുറ്റത്ത് തഴച്ച് വളർന്നുനിൽക്കുന്നത്.ജപ്പാൻ ഇനമായ മിയാസാക്കിയും തായ്ലാൻ്റ് ഇനമായ റെഡ് ബനാനയും ഇവിടുത്തെ പ്രധാന ആകർഷണമാണ്. നാം ഡോക്ക്, മായി ഗോൾഡ്, ക്യാറ്റിമാൻ എന്നി ഇനങ്ങൾ വേറെയുമുണ്ട്. ജപ്പാൻ പഴവർഗത്തിൽപ്പെടുന്ന പാർസിമോൻ, ഒലീവ് എന്നിവയും വീട്ടുമുറ്റത്തെ കുളിർമ്മയാണ്.വെസ്റ്റ് ഇൻഡ്യൻ ചെറി, സ്വീറ്റ് ചെറി, ഓറഞ്ച് ഇനങ്ങളായ ചൈനീസ് കമല, ബുഷ് ഓറഞ്ച്, നാഗ്പൂർ ഓറഞ്ച്, മുസമ്പി എന്നിവയും വീട്ടുവളപ്പിലെ കാഴ്ചകളാണ്. ഒന്നര വർഷം കൊണ്ട് കായ്ക്കുന്ന വിയറ്റ്നാം ചക്കയായ സൂപ്പർ ഏർളി, റെഡ് ജാക്ക്, ഏറ്റവും മധുരം കൂടിയ ചക്കയായ തായ്ലാൻഡിലെ എവിറക്ക്, ലാംഗൻ എന്നിവ ഏതു കാലത്തും കായ്ച്ച് നിൽക്കുകയാണ് പതിനെട്ട് സെന്റ് പുരയിടത്തിൽ.

അദ്ധ്യാപികയായ ഭാര്യ എം.ശില്പയും മക്കളായ ഇഷ നിവേദ്യയും ഇതൾ നിവേദ്യയും മഹേഷ് കുമാറിന് പ്രോത്സാഹനവുമായി ഒപ്പമുണ്ട്.

ഇഷ്ടം വളർത്തിയത് പ്രവാസം

പതിനഞ്ച് വർഷത്തെ പ്രവാസ ജീവിതത്തിനിടയിലാണ് പഴച്ചെടികളോട് ഇഷ്ടം തോന്നിയത്. യൂ ട്യൂബ് നോക്കി പഠിച്ചാണ് ഇവയുടെ പരിചരണം.പാലക്കാട്, എറണാകുളം എന്നിവിടങ്ങളിൽ നിന്നാണ് തൈകൾ എത്തിക്കുന്നത്. 1500 രൂപ മുതൽ 5000 രൂപ വരെ ഓരോ തൈകൾക്കും ചിലവിട്ടാണ് വാങ്ങുന്നത്. ജൈവവളം മാത്രമാണ് ഉപയോഗിക്കുന്നത്. പഴച്ചെടി പരിപാലനത്തിനൊപ്പം നാടകങ്ങളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിക്കുന്നുണ്ട്. പുറത്തിറങ്ങാനിരിക്കുന്ന ചില സിനിമകളിലും മഹേഷ് കുമാർ മുഖം കാണിച്ചിട്ടുണ്ട്.