photo-1-

കണ്ണൂർ: പതിമൂന്നാം വയസിൽ തുടങ്ങിയ തെയ്യംകെട്ടൽ അരനൂറ്റാണ്ട് പിന്നിടുമ്പോൾ തളിപ്പറമ്പ് സ്വദേശി ഇ.പി.നാരായണ പെരുവണ്ണാനെ (66) തേടിയെത്തിയത് പദ്മശ്രീ പുരസ്കാരം. ഈ ബഹുമതി ലഭിക്കുന്ന ഏക തെയ്യം കലാകാരനാണ്. വളപട്ടണം മുച്ചിലോട്ടു കാവിൽ വെള്ളിയാഴ്ച മുച്ചിലോട്ടു ഭഗവതിയുടെ തിരുമുടി കെട്ടിയാടാനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് പദ്മശ്രീ ലഭിച്ച വിവരം അറിയുന്നത്. പുരസ്‌കാരം കാരണവന്മാരുടേയും ഗുരുനാഥന്മാരുടേയും അനുഗ്രഹമാണെന്ന് അദ്ദേഹം പറഞ്ഞു.

തെയ്യപ്രപഞ്ചത്തിലെ ഏറ്റവും ഭംഗിയേറിയ മുച്ചിലോട്ടു ഭഗവതിയുടെ തിരുമുടി മുന്നൂറോളം തവണ അണിഞ്ഞിട്ടുണ്ട്. അഞ്ചരക്കണ്ടി കാവിന്മൂല കക്കുന്നത്ത് ഭഗവതിക്കാവിൽ മാത്രം കെട്ടിയാടുന്ന സവിശേഷ തെയ്യമായ കക്കുന്നത്തു ഭഗവതിയുടെ 21 കോൽ നീളമുള്ള തിരുമുടി 13 തവണയും അണിഞ്ഞിട്ടുണ്ട്. പതിമൂന്നാം വയസിൽ തളിപ്പറമ്പ് കീഴാറ്റൂർ വെച്ചിയോട് കാവിൽ ബാലിത്തെയ്യം കെട്ടിയാടിയാണ് തുടക്കം. 50 വർഷം തുടർച്ചയായി അവിടെ ബാലി തെയ്യം കെട്ടിയാടുന്നു. ഇരുപത്തിയൊന്നാം വയസിൽ തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്ര കൊട്ടുമ്പുറത്ത് പെരുവണ്ണാനായി ആചാരപ്പെട്ടു.

പിതാവ് കരിമ്പം പനക്കാട്ട് ഒതേന പെരുവണ്ണാനിൽ നിന്നാണ് തെയ്യാനുഷ്ഠാനത്തിന്റെ ബാലപാഠങ്ങൾ സ്വായത്തമാക്കിയത്. ജയരാജ് സംവിധാനം ചെയ്ത 'കളിയാട്ടം 'സിനിമയിൽ കതിവന്നൂർ വീരൻ തെയ്യത്തിനു ജീവൻ പകർന്നതും ഇദ്ദേഹമാണ്. ഭാര്യ:പ്രീത. നിഖില,നിധീഷ് എന്നിവർ മക്കളാണ്.