tushar-vellapally

കാസർകോട്: നാനൂറ് സീറ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന മുന്നണി മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്ന് എൻ.ഡി.എ സംസ്ഥാന കൺവീനറും ബി.ഡി.ജെ.എസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. "മോദിയുടെ ഗ്യാരന്റി പുതിയ കേരളം" എന്ന മുദ്രാവാക്യവുമായി എൻ.ഡി.എ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരളപദയാത്രയുടെ ഉദ്ഘാടനത്തിന് സ്വാഗതം പറയുകയായിരുന്നു അദ്ദേഹം.

ലോകസഭ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ മോദി സർക്കാരിന് പിന്തുണ നൽകാൻ കേരളത്തിൽ നിന്നും എം.പിമാർ ഡൽഹിയിലുണ്ടാകും. രാജ്യത്തിന്റെ വികസനത്തിന് നരേന്ദ്ര മോദി തന്നെ വരണമെന്നാണ് ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള ഇന്ത്യക്കാർ മുഴുവൻ അഭിപ്രായപ്പെടുന്നത്. രാഹുൽ ഗാന്ധി വയനാട്ടിൽ വന്ന് മത്സരിച്ചപ്പോൾ കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ എന്തായെന്ന് നമ്മൾ കണ്ടതാണ്. 10 വർഷം കൊണ്ട് മോദി സർക്കാർ രാജ്യത്താകെ ഉണ്ടാക്കിയ വികസനനേട്ടങ്ങൾ ചെറുതല്ല. കേരളത്തിൽ നിന്നും എം.പിമാരും മന്ത്രിമാരും ഉണ്ടായിട്ടും ആലപ്പുഴയിൽ ബൈപാസ് പണിതുകിട്ടാൻ നമ്മൾ കാത്തിരുന്നത് 40 വർഷമാണ്. മോദി സർക്കാർ അധികാരത്തിൽ വന്ന് വർഷങ്ങൾക്കുള്ളിൽ ആലപ്പുഴ ബൈപാസ് യാഥാർത്ഥ്യമാക്കി. ആയിരക്കണക്കിന് കോടികളുടെ വികസന പദ്ധതികളാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി കേരളത്തിൽ എത്തിയപ്പോൾ പ്രഖ്യാപിച്ചത്. രാഷ്ട്രീയത്തിനും ജാതിമത ചിന്തകൾക്കും അതീതമായി വികസന പദ്ധതികൾ നടപ്പിലാക്കുകയാണ് എൻ.ഡി.എ സർക്കാരെന്നും തുഷാർ പറഞ്ഞു.