
പയ്യന്നൂർ: നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പയ്യന്നൂർ സാഹിത്യോത്സവത്തിന് ഇന്ന് തിരി താഴും. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ ഒരേ സമയത്തായി മൂന്നു വേദികളെ പ്രശസ്തസാഹിത്യകാരൻമാരുടെ സാന്നിദ്ധ്യം കൊണ്ട് ധന്യമാക്കിയ സാഹിത്യോത്സവം വെള്ളിയാഴ്ച വൈകീട്ട് ടി.ഐ. മധുസൂദനൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കന്നട സാഹിത്യകാരൻ വിവേക് ഷാൻബാഗാണ് ഉദ്ഘാടനം ചെയ്തത്.
സി.വി. ബാലകൃഷ്ണൻ, കരിവെള്ളൂർ മുരളി, കുരീപ്പുഴ ശ്രീകുമാർ, സി കൃഷ്ണൻ, കെ.പി.കുഞ്ഞിക്കണ്ണൻ, എ.വി. അജയകുമാർ എന്നിവർ പങ്കെടുത്തു. കേന്ദ്രസാഹിത്യ അക്കാഡമി അവാർഡ് ജേതാവ് ഇ.വി.രാമകൃഷ്ണൻ, കേരള ചരിത്രഗവേഷണ കൗൺസിൽ ഡയറക്ടറായി നിയമിതനായ ദിനേശൻ വടക്കിനിയിൽ എന്നിവരെ എം.വി.ജയരാജൻ ആദരിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത സ്വാഗതവും പി.വി വിനോദ് കുമാർ നന്ദിയും പറഞ്ഞു.
എഴുത്തുകാരുടെ സംഗമത്തോടെയാണ് സെഷനുകൾക്ക് തുടക്കമായത്. രാത്രി പി.എൻ. ഗോപീകൃഷ്ണനുമായി സംവാദവും നടന്നു. പയ്യന്നൂരിലെ എഴുത്തുകാരുടെ സംഗമം, നാടക കലാകാരന്മാരുടെ സംഗമം, ഭിന്നശേഷി കലാമേള ,വനിത സംസാകാരികോത്സവം, ബാലസാഹിത്യോത്സവം, പുസ്തകോത്സവം എന്നിവ സാഹിത്യോത്സവത്തിന്റെ ഭാഗമായി നടന്നു. സെമിനാറുകൾ, പാനൽ ചർച്ചകൾ, അഭിമുഖങ്ങൾ, പ്രഭാഷണങ്ങൾ, സംവാദങ്ങൾ, സാഹിത്യക്യാമ്പ് എന്നിവയിലായി നൂറിലധികം എഴുത്തുകാർ പങ്കെടുത്തു.
ബാലസാഹിത്യോത്സവം ബെന്യാമിൻ ഉദ്ഘാടനം ചെയ്തു. ഇന്നലെ വിവിധ സെഷനുകളിൽ എം.എ. ബേബി, സുനിൽ പി.ഇളയിടം, കെ.പി.രാമനുണ്ണി, ആർ.രാജശ്രീ, പി.എൻ.ഗോപീകൃഷ്ണൻ, സുഭാഷ് ചന്ദ്രൻ, ഇ.പി. രാജഗോപാലൻ, ജിയോ ബേബി, മനോജ് കാന, ഇന്ദുമേനോൻ തുടങ്ങിയവർ വിഷയാവതരണം നടത്തി.
വൈകീട്ട് കാവ്യ പരിണാമങ്ങൾ എന്ന വിഷയത്തിൽ കുരീപ്പുഴ ശ്രീകുമാർ ,വീരാൻ കുട്ടി, എസ്.ജോസഫ്, സുകുമാരൻ ചാലിഗദ്ദ എന്നിവർ വിഷയാവതരണം നടത്തി. സി എം.വിനയചന്ദ്രൻ മോഡറേറ്ററായിരുന്നു.ഇന്ന് രാവിലെ മുതൽ വിവിധ വിഭാഗങ്ങളിലായി കെ.പി. രാമനുണ്ണി, ജിയോ ബേബി, ഇന്ദുമേനോൻ, കെ.പി.സുധീര, ദീപ നിശാന്ത്, മധുപാൽ, ടി.ഡി.രാമകൃഷ്ണൻ, സന്തോഷ് ഏച്ചിക്കാനം, ശീതൾ ശ്യാം തുടങ്ങിയവർ പങ്കെടുക്കും. വൈകീട്ട് ഗാന്ധി പാർക്കിൽ നടക്കുന്ന സമാപന സമ്മേളനം തമിഴ് എഴുത്തുകാരി സൽമ ഉദ്ഘാടനം ചെയ്യും. തുടർന്ന് " നമ്മളൊന്ന് " സംഗീത ശിൽപം അരങ്ങേറും.