
കണ്ണൂർ: നഗരത്തിൽ രാത്രികാലത്ത് എത്തപ്പെടുന്ന സ്ത്രീകളുടെ സുരക്ഷ മുൻനിർത്തി ജില്ലാ പഞ്ചായത്ത് തുടക്കമിട്ട ഷീ നൈറ്റ് ഷെൽട്ടർ വിജയം. ഷീ നൈറ്റ് ഷെൽട്ടറിന്റെ പ്രവർത്തനം ആരംഭിച്ചത് 2019 മാർച്ചിലാണ് . ജില്ലാ പഞ്ചായത്ത് കെട്ടിടത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഷീ നൈറ്റ് ഷെൽട്ടറിൽ ഒരേ സമയം എട്ട് വനിതകൾക്ക് താമസിക്കാൻ കഴിയുന്ന ഡോർമെറ്ററിയാണുള്ളത്.
സ്ത്രീകൾക്കൊപ്പം കുട്ടികൾക്കും (ആൺകുട്ടികൾക്കാണെങ്കിൽ 10 വയസുവരെ) താമസിക്കാം. ജോലി ആവശ്യത്തിനും മറ്റ് മത്സര പരീക്ഷകൾക്കുമെല്ലാം തലേദിവസം എത്തേണ്ടി വരുന്ന സ്ത്രീകൾക്ക് എവിടെ താമസിക്കുമെന്ന ആശങ്ക പലരെയും അലട്ടാറുമുണ്ട്. ഈ പ്രതിസന്ധികൾ പരിഹരിക്കാനാണ് ജില്ലാ പഞ്ചായത്ത് പദ്ധതി ആരംഭിച്ചത്.നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് കുറഞ്ഞ ചിലവിൽ രാത്രിയിൽ സുരക്ഷിതമായ താമസസൗകര്യം ഉറപ്പുവരുത്തുകയാണ് ജില്ലാ പഞ്ചായത്ത് .
ഒരു ദിവസത്തേക്ക് 300 രൂപയാണ് നിരക്ക്. കുളിച്ച് ഫ്രഷാകാൻ മാത്രമാണ് സൗകര്യം വേണ്ടതെങ്കിൽ 150 രൂപ മതി. 24 മണിക്കൂറും സേവനം ലഭ്യമാണ്. പ്രത്യക സാഹചര്യങ്ങളിൽ തുടർച്ചയായി രണ്ടു ദിവസം വരെ തങ്ങാം. നേരത്തെ വിളിച്ച് ബുക്ക് ചെയ്താൽ ആവശ്യമെങ്കിൽ ഭക്ഷണവും ഒരുക്കിത്തരും. രണ്ട് കെയർടേക്കറും ഒരു ക്ലീനിംഗ് സ്റ്റാഫും ഉൾപ്പെടെ മൂന്ന് ജീവനക്കാരാണ് ഇവിടെയുള്ളത്. നിലവിൽ എല്ലാദിവസവും ഈ സൗകര്യം സ്ത്രീകൾ പ്രയോജനപ്പെടുത്താറുണ്ട്.
എട്ടല്ല, ലക്ഷ്യം 180
180 സ്ത്രീകൾക്ക് തങ്ങാനുള്ള സൗകര്യമെന്ന നിലയിൽ ഷീ നൈറ്റ് പദ്ധതി വിപുലീകരിക്കാനാണ് ജില്ലാ പഞ്ചായത്തിന്റെ ലക്ഷ്യം. നിലവിൽ പഞ്ചായത്തിനോട് ചേർന്ന് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഷീ നൈറ്റ് ഷെൽട്ടർ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി സൗകര്യങ്ങൾ വർദ്ധിപ്പിക്കും.
വിളിക്കാം
0497 2767476, 8289949199.
ഉദ്ഘാടനം കഴിഞ്ഞിട്ടും തുറക്കാതെ ഷീ ലോഡ്ജ്
ഉദ്ഘാടനം കഴിഞ്ഞ് 25 ദിവസം പിന്നിട്ടിട്ടും കോർപറേഷന്റെ ഷീ ലോഡ്ജ് പ്രവർത്തനം തുടങ്ങിയില്ല. നഗരത്തിൽ രാത്രികാലത്തെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി താമസിക്കാനാണ് കണ്ണൂർ നഗരഹൃദയമായ കാൽടെക്സ് ശിക്ഷക് സദൻ റോഡിൽ കോർപറേഷൻ ഷീ ലോഡ്ജ് നിർമ്മിച്ചത്. കഴിഞ്ഞ ഡിസംബർ 30ന് മുൻ മേയർ ടി.ഒ മോഹനൻ ഉദ്ഘാടനവും നിർമിച്ചു. വിപുലമായ രീതിയിൽ ഉദ്ഘാടനം കഴിഞ്ഞിട്ടും ഷീ ലോഡ്ജിന്റെ ഗുണം ആർക്കും ലഭിച്ചില്ല.ലോഡ്ജിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പ്രവർത്തനം തുടങ്ങാൻ വൈകുന്നതെന്നാണ് അധികൃതർ പറയുന്നത്.