പഴയങ്ങാടി: പഴയങ്ങാടി ബസ് സ്റ്റാൻഡിന് സമീപമുള്ള കടയിൽ പട്ടാപ്പകൽ അതിക്രമിച്ചു കയറി ഉടമസ്ഥനായ പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപത്തെ ഡേവിഡ് എബ്രാഹാം (56)നെ അടിച്ച് പരിക്കേൽപ്പിക്കുകയും കട തകർക്കുകയും ചെയ്ത സംഭവത്തിൽ ഏഴ് എസ്.ഡി.പി.ഐ പ്രവർത്തകർക്ക് അഞ്ചു വർഷം തടവും 2000 രൂപ പിഴയും വിധിച്ച് പയ്യന്നൂർ അസിസ്റ്റന്റ് സെഷൻസ് കോടതി. മാട്ടൂൽ സൗത്ത് പുലിമുട്ടിന് സമീപത്തെ ബിമന്റവിട ജാഫർ (35) , മാട്ടൂൽ സൗത്ത് ഗ്രാമീണ വായനശാലയ്ക്ക് സമീപത്തെ കുരന്റവിട അസ്ഹദ് ( 40) , മാട്ടൂൽ സൗത്ത് ബദർ പള്ളിക്ക് സമീപത്തെ എ.സി. ഹമ്മാദ്(34), പാലക്കോട് പള്ളിക്ക് സമീപത്തെ കുറ്റിച്ചിരെ വീട്ടിൽ നജ്മുദ്ധീൻ (42), മാട്ടൂൽ നോർത്തിലെ മുക്കുവച്ചേരി വീട്ടിൽ മുൻഷിദ് (38), മാട്ടൂൽ നോർത്ത് ജസിന്തയിലെ പാലക്കോടൻ വീട്ടിൽ എം അഫ്സൽ (38), മാട്ടൂൽ നോർത്തിലെ ഇട്ടോൻ കണ്ടത്തിലെ പുരയിൽ സമദ് (37) എന്നിവരെയാണ് പയ്യന്നൂർ അസിസ്റ്റന്റ് സെക്ഷൻ കോടതി ശിക്ഷിച്ചത്.
2012 ജനുവരി മാസത്തിൽ സംഘടനയുടെ പണപ്പിരിവുമായി എത്തിയ സംഘത്തിന് നൽകിയ സംഭാവന കുറഞ്ഞതിൽ കടയുടെ ഉടമസ്ഥനായ ഡേവിഡ് എബ്രഹാമിനെ ഭീഷണിപെടുത്തിയ ശേഷം തിരിച്ചുപോയ ഇവർ സംഘം ചേർന്ന് മാരാകായുധങ്ങളുമായി തിരിച്ചെത്തി ആക്രമിച്ചു എന്നതാണ് കേസ്. അഡിഷണൽ ഗവ: പ്ലീഡർ അഡ്വ: പി.വി. മധു പ്രോസിക്യൂഷൻ വിഭാഗത്തിന് വേണ്ടി ഹാജരായി.