
കാസർഗോഡ്: ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് എൻ.ഡി.എ സംസ്ഥാന ചെയർമാനും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രക്ക് ഉജ്ജ്വല തുടക്കം. ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത് യാത്ര ഉദ്ഘാടനം ചെയ്തു. 'മോദി ഗ്യാരന്റി പുതിയ കേരളം" എന്ന മുദ്രാവാക്യമുയർത്തി താളിപ്പടവ് മൈതാത്ത് നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ മുഖ്യാതിഥിയായി. ബീഹാറിലെ രാഷ്ട്രീയ കരുനീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ദേശീയപ്രസിഡന്റ് ജെ.പി. നദ്ദ കാസർകോട് യാത്ര ഒഴിവാക്കിയതെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ അറിയിച്ചു.
സംസ്ഥാന സർക്കാരിനെതിരെയുള്ള വിമർശനത്തിനൊപ്പം കേന്ദ്ര നേട്ടങ്ങൾ കൂടി ഊന്നിയാണ് രാഷ്ട്രീയ പ്രചാരണം.മോദിയുടെ ഗ്യാരന്റി എന്ന പ്രഖ്യാപനവുമായി തൃശൂരിൽ പ്രധാനമന്ത്രി തുടക്കമിട്ട പ്രചാരണത്തിന്റെ തുടർച്ചയായാണ് കെ.സുരേന്ദ്രൻ നയിക്കുന്ന പദയാത്ര. എൻ.ഡി.എ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി, വൈസ് ചെയർമാൻ പി.കെ.കൃഷ്ണദാസ്, ബി.ജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി, എം.ടി.രമേഷ്, മുൻ സംസ്ഥാന അദ്ധ്യക്ഷൻമാരായ കുമ്മനം രാജശേഖരൻ, സി.കെ പദ്മനാഭൻ, സ്വാഗതസംഘം ചെയർമാൻ സദാനന്ദ ഷെട്ടി,ജെ.ആർ.പി സംസ്ഥാന അദ്ധ്യക്ഷ സി.കെ. ജാനു, ബി.ജെ.പി കാസർകോട് ജില്ല പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ,വി.സുധീർ, ദേശീയ കൗൺസിൽ അംഗം ശോഭാ സുരേന്ദ്രൻ, നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ്. ബി.ഡി.ജെ.എസ് ജനറൽ സെക്രട്ടറിമാരായ അരയാക്കണ്ടി സന്തോഷ്, എം. ജയപ്രകാശ്, സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ട്, ബി.ജെ.പി സംസ്ഥാന സെക്രട്ടറിമാരായ കെ. രഞ്ജിത്ത്, അഡ്വ. കെ. ശ്രീകാന്ത് എന്നിവർ സംസാരിച്ചു.
20 ലോക് സഭ മണ്ഡലങ്ങളിൽ കൂടി കടന്നുപോകുന്ന യാത്ര ഫെബ്രുവരി 27ന് പാലക്കാട്ട് സമാപിക്കും. ഫെബ്രുവരി 12ന് തിരുവനന്തപുരത്തെ പദയാത്ര കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും.
ആദ്യ ദിനമായ ഇന്നലെ കാസർകോട് പദയാത്ര മേൽപ്പറമ്പിൽ സമാപിച്ചു. കെ.പി.സി.സി എക്സിക്യുട്ടീവ് മെമ്പർ കെ.കെ. നാരായണൻ, സി.പി.എം പരപ്പ ലോക്കൽ കമ്മിറ്റി അംഗം ചന്ദ്രൻ പൈക്ക, പൈവളിഗ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് മഞ്ജുനാഥ ഷെട്ടി, പൈവളിഗ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് ലക്ഷ്മി ഷാ റായ്, കോൺഗ്രസ് മുൻ മഞ്ചേശ്വരം ബ്ലോക്ക് സെക്രട്ടറി സന്ദീപ് റായി, അഖില കേരള യാദവ സഭ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എം.രമേഷ് യാദവ്, നീതി കോഓപ്പറേറ്റീവ് മെഡിക്കൽസ് ഡയറക്ടർ അഡ്വ.പി.അരവിന്ദാക്ഷൻ തുടങ്ങിയ നിരവധി നേതാക്കളും പ്രവർത്തകരും ബി.ജെ.പിയിൽ ചേർന്നു. ഇവരെ നേതാക്കൾ ഷാൾ അണിയിച്ച് സ്വീകരിച്ചു.