ആന്തൂർ: പ്രകൃതി സൗഹൃദമായ വാഴയില ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കുന്നതിലൂടെ മികച്ച വരുമാനമുണ്ടാക്കാമെന്ന് തെളിയിക്കുകയാണ് ആന്തൂരിലെ കെ. ഹരിദാസൻ. കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആന്തൂർ നഗരസഭയിലെ കടമ്പേരിയിലെ കെ. ഹരിദാസന്റെ കൃഷിയിടത്തിൽ ഒരുക്കിയ പ്രദർശന തോട്ടം വാഴക്കൃഷിയിൽ വിപ്ളവം തീർക്കാമെന്നതിന്റെ സാക്ഷ്യമാണ്.
കുലകൾക്ക് പുറമെ വാഴയുടെ വളർച്ചയിലെ വിവിധ ഘട്ടങ്ങളിൽ ഇലകൾ വിപണനം ചെയ്യുന്നതിലൂടെ വരുമാന സുരക്ഷിതത്വം കൈവരിക്കാമെന്നതാണ് ഇതിന്റെ നേട്ടം. അതിനു ശേഷം വാഴക്കുല ലഭിക്കുന്ന തരത്തിലുള്ള കൃഷിപരിപാലനം കർഷകർക്ക് വരുമാന സുരക്ഷിതത്വം ഉറപ്പുവരുത്തും.
ആദ്യ വാഴ ഇല വില്പന കൽകോ ചെയർമാൻ സി. അശോക് കുമാറിന് നൽകി വിപണനം ഉദ്ഘാടനവും നടത്തി. വിളവെടുപ്പിന്റെ ആദ്യദിനം തന്നെ രണ്ടു മാസം പ്രായമായ 30 വാഴകളിൽ നിന്നും 75 ഇലകൾ വിപണനം ചെയ്യാൻ സാധിച്ചു.
വാർഡ് കൗൺസിലർ ടി.കെ.വി നാരായണന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൗൺസിലർ ടി. മനോഹരൻ, ആന്തൂർ കൃഷി ഓഫീസർ ടി.ഒ വിനോദ് കുമാർ, പാച്ചേനി വിനോദ്, കൃഷി വിജ്ഞാന കേന്ദ്രത്തിലെ അസി. പ്രൊഫസർമാരായ റനിഷ മന്നമ്പേത്ത്, എലിസബത്ത് ജോസഫ്, കൃഷി അസിസ്റ്റന്റുമാരായ എൻ. ജനാർദ്ദനൻ, കെ.കെ. നിരഞ്ജന എന്നിവർ സംബന്ധിച്ചു. കെ. ഹരിദാസൻ നന്ദി പറഞ്ഞു.
കീടങ്ങൾ പറപറക്കും, വരുമാനം ഇരട്ടിയാകും
ഒരു വാഴയിൽ നിന്നും 30-40 ഇലകളെങ്കിലും വിപണനം ചെയ്യാൻ സാധിക്കുന്നതിലൂടെ വാഴയിൽ നേരത്തെ കണ്ടുവരുന്ന കീടബാധയ്ക്കും രോഗബാധയ്ക്കും ശമനമാകുമെന്ന് കൃഷി വിജ്ഞാന കേന്ദ്രം ഡയറക്ടർ ഡോ. പി. ജയരാജ് പറഞ്ഞു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഈ മുൻനിര പ്രദർശനതോട്ടങ്ങൾ ഞാലിപ്പൂവൻ വാഴയിൽ നടത്തിവരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വാഴയെ ഒരു വരുമാന സുരക്ഷിതത്വ വിളയായി മാറ്റുന്നതിന് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെയുള്ള മുൻ നിര പ്രദർശനതോട്ടം നഗരസഭയിലെ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ ക്ലസ്റ്റർ അടിസ്ഥാനത്തിൽ വ്യാപിപ്പിക്കണം- ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ