കാഞ്ഞങ്ങാട്: ദേശീയപാത വികസനത്തിൽ പെരിയ ബസാറിൽ അണ്ടർ പാസേജ് ആവശ്യപ്പെട്ടുള്ള ജനകീയ സമരം ശക്തമാക്കാൻ തീരുമാനം. നാട്ടുകാർ ഒറ്റക്കെട്ടായി അണ്ടർ പാസേജിനായി രംഗത്തിറങ്ങിയിട്ട് ഒരു വർഷമാകാറായിട്ടും ആവശ്യം വേണ്ടരീതിയിൽ പരിഗണിക്കാത്ത സാഹചര്യത്തിലാണ് സമരം ശക്തിപ്പെടുത്തുന്നത്.
ദേശീയപാത വികസനത്തോടെ വെട്ടിമുറിക്കപ്പെടുന്ന കാസർകോട് ജില്ലയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ് പെരിയ ബസാർ. അണ്ടർ പാസേജ് പണിത് ജനങ്ങൾക്കുണ്ടാവുന്ന യാത്രാപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് 2023 ഏപ്രിൽ ഒന്നിനാണ് നാട്ടുകാർ ഒറ്റക്കെട്ടായി ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ സമരമാരംഭിച്ചത്. ഈ സമരം ഇതിനകം 300 ദിവസം പിന്നിട്ടിരിക്കുകയാണ്.
ഈ നാളത്രയും സമരപ്പന്തലിൽ നിരവധി പേർ പങ്കെടുക്കുന്നുണ്ട്. ശാരീരിക അവശതയും രോഗവും മറ്റു പ്രയാസങ്ങളും അവഗണിച്ചാണ് പലരും സമര രംഗത്തുള്ളത്. ഇത്തരമൊരു സമരത്തെ ബന്ധപ്പെട്ടവർ കണ്ടില്ലെന്ന് നടിക്കുന്നതിൽ പ്രതിഷേധം പുകയുകയാണ്.
ഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം നാട്ടുകാർ ഒത്തുചേർന്ന് സമരം ശക്തമാക്കാൻ തീരുമാനിക്കുകയായിരുന്നു. മുൻ എം.എൽ.എ കെ. കുഞ്ഞിരാമനാണ് യോഗം ഉദ്ഘാടനം നിർവ്വഹിച്ചത്. നാടിന്റെ പൊതുവായ ആവശ്യമാണിതെന്നും കടുത്ത യാത്രാപ്രശ്നം ഒഴിവാക്കാനാണ് അണ്ടർ പാസേജിന് മുറവിളി കൂട്ടുന്നതെന്നും സമര രംഗത്തുള്ളവർ വ്യക്തമാക്കി
ഓഫീസുകളിലെത്തുക പ്രയാസമാകും
കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും മറ്റു സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന ഇടമാണ് പെരിയ ബസാർ. ജനങ്ങൾ നിരന്തരമായി ബന്ധപ്പെടുന്ന സ്ഥാപനങ്ങൾ. ഇത്തരം സ്ഥാപനങ്ങളുമായി ബന്ധപ്പെടാൻ പാത വികസനം പൂർത്തിയാകുന്നതോടെ ജനങ്ങൾ ഏറെ പ്രയാസപ്പെടും. ഇവിടെ എത്തണമെങ്കിൽ കിലോമീറ്ററുകളോളം കാൽനടയായോ, വാഹനത്തിലോ യാത്ര ചെയ്യേണ്ടിവരും. ഈ ദുരിതം ഒഴിവാക്കാനാണ് പെരിയ ബസാറിൽ തന്നെ അണ്ടർപാസേജ് പണിത് ജനങ്ങളുടെ യാത്രാപ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്നത്.