മട്ടന്നൂർ: നഗരസഭയിലെ ടൗൺ വാർഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 22ന് നടക്കും. കൗൺസിലർ കെ.വി.പ്രശാന്തിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മാതൃകാ പെരുമാറ്റച്ചട്ടം വാർഡ് പരിധിയിൽ ശനിയാഴ്ച മുതൽ നിലവിൽ വന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. ഫെബ്രുവരി അഞ്ചു വരെ നാമനിർദ്ദേശ പത്രികകൾ നൽകാം. സൂക്ഷ്മപരിശോധന ആറിന് നടക്കും. എട്ടുവരെ പത്രിക പിൻവലിക്കാം. 23 ന് രാവിലെ 10ന് വോട്ടെണ്ണൽ നടക്കും. 1024 വോട്ടർമാരാണ് വാർഡിലുള്ളത്. മട്ടന്നൂർ മഹാദേവ ക്ഷേത്രം ഉൾക്കൊള്ളുന്ന ടെമ്പിൾ വാർഡാണ് പിന്നീട് ടൗൺ വാർഡായത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 12 വോട്ടിനാണ് കോൺഗ്രസിലെ കെ.വി.പ്രശാന്ത് വിജയിച്ചത്. ബി.ജെ.പിയിലെ എ. മധുസൂദനനാണ് രണ്ടാം സ്ഥാനത്ത് വന്നത്. പ്രശാന്തിന് 343 വോട്ടും മധുസൂദനന് 331 വോട്ടും ലഭിച്ചു. എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി കെ.ശ്രീമതിക്ക് 83 വോട്ടും കിട്ടി.