കല്യാശ്ശേരി: ദേശീയപാത പ്രവൃത്തികൾക്കിടയിൽ നിയന്ത്രണം തെറ്റി ക്രെയിൻ വൈദ്യുതി കമ്പികൾക്കിടയിൽ കുരുങ്ങി. ദേശീയ പാതയിലൂടെ കടന്നു പോകുന്ന ഹൈ ടെൻഷൻ വൈദ്യുതി കമ്പികൾക്കിടയിൽ ക്രെയിൻ ഓടി കയറി കുരുങ്ങുന്നതിനിടെ വൈദുതി ബന്ധം നിലച്ചതിനാൽ വലിയ അപകടത്തിൽ നിന്നാണ് രക്ഷപ്പെട്ടത്. ഞായറാഴ്ച രാവിലെ എട്ടു മണിയോടെ കല്യാശ്ശേരി മോഡൽ പോളിടെക്നിക്കിന് മുന്നിലാണ് സംഭവം. കമ്പികളിൽ കുരുങ്ങുന്നതിനിടയിൽ തൂണുകൾക്കും കേടുപാട് പറ്റി. ദേശീയപാതയിലൂടെ കടന്നു പോകുകയായിരുന്ന ഇരുചക്ര വാഹന യാത്രികനെ രക്ഷിക്കാൻ വെട്ടിച്ചപ്പോഴാണ് ക്രെയിനിന്റെ നിയന്ത്രണം തെറ്റിയത് എന്നാണ് ദൃക്സാസാക്ഷികൾ പറഞ്ഞത്.