പിലാത്തറ: സനാതന ധർമ്മത്തിന്റെ തായ്‌വേരായ വേദങ്ങളുടെ സംരക്ഷണമാണ് ധർമ്മ സംരക്ഷണത്തിന്റെ മാർഗ്ഗമെന്നും നാടിന്റെ പുരോഗതിക്കും മനഃസംഘർഷങ്ങൾ ഇല്ലാതാക്കുന്നതിനും ധർമ്മസംരക്ഷണം മാത്രമാണ് പോംവഴിയെന്നും മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. ചെറുതാഴം ശ്രീ രാഘവപുരം സഭായോഗത്തിന്റെ 1230-ാമത് വാർഷിക സഭയുടെയും വേദഭജനത്തിന്റെയും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം.
ഭൗതിക നേട്ടങ്ങൾ കൈവരിക്കുന്നത് മാത്രമല്ല വികസനമെന്നും ആദ്ധ്യാത്മിക ആത്മീയ പുരോഗതി കൂടി കൈവരിച്ചാലേ യഥാർത്ഥ വികസനം നടപ്പിലാകൂ എന്നും അദ്ദേഹം പറഞ്ഞു. ചെറുതാഴം കണ്ണിശ്ശേരി കാവിൽ നടന്ന പരിപാടിയിൽ വാരണക്കോട് ഗോവിന്ദൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. നടുവിൽ മഠം അച്യുത ഭാരതി സ്വാമികൾ അനുഗ്രഹഭാഷണം നടത്തി. നന്ദകുമാർ ശർമ്മ, മധു മരങ്ങാട്, കുഞ്ഞി മാധവൻ കനകത്തിടം, കെ.പി. മധുസൂതനൻ, കെ.സി. കേശവൻ നമ്പൂതിരി, ഡോ. ഒ.സി. കൃഷ്ണൻ നമ്പൂതിരി, മാടത്തിൽ മല്ലിശ്ശേരി ഈശാനൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.