കണ്ണൂർ: കുടിവെള്ള പദ്ധതികളുടെ ഭാഗമായി റോഡ് കുഴിക്കുന്നതും അറ്റകുറ്റപണി നടത്തുന്നതും സംബന്ധിച്ച് പൊതുമരാമത്ത് - ജലവിഭവ വകുപ്പുകൾ തമ്മിൽ ഏകോപനം അനിവാര്യമാണെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ നിർദ്ദേശം. എം.വിജിൻ എം.എൽ.എയാണ് ഇക്കാര്യം ഉന്നയിച്ചത്. റോഡുകൾ വെട്ടിപ്പൊളിക്കുന്നതും അറ്റകുറ്റപണി അനന്തമായി നീളുന്നതും പൊതുജനങ്ങൾക്ക് പ്രശ്നമാവുന്നതായി എം.എൽ.എ പറഞ്ഞു. കല്യാശ്ശേരി മണ്ഡലത്തിൽ ജല ജീവൻ മിഷൻ പദ്ധതിയുടെ 99 ശതമാനം പൂർത്തിയായതായും റെയിൽവേ, നാഷണൽ ഹൈവേ വിഭാഗങ്ങളുടെ അനുമതി ലഭിക്കാത്തതിനാൽ ബാക്കി ഭാഗം പൂർത്തിയാക്കാൻ കഴിയുന്നില്ലെന്നും എം.വിജിൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അതാത് വിഭാഗങ്ങളിൽ അനുമതിക്കായി അപേക്ഷ നൽകിയിട്ടുണ്ടെന്ന് ജലഅതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.
പാപ്പിനിശ്ശേരി - പിലാത്തറ കെ.എസ്.ടി.പി റോഡിലെ അറ്റകുറ്റപ്രവൃത്തി ഉടൻ ആരംഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. 1.85 കോടി രൂപ ചെലവിൽ 95 ശതമാനം പ്രവൃത്തി പൂർത്തിയായ പഴയങ്ങാടി പുഴയിലെ ഫ്‌ളോട്ടിംഗ് റെസ്റ്റോറന്റിന്റെ ടെൻഡർ നടപടികളിലേക്ക് കടക്കണമെന്നും അതുവരെയുള്ള പരിപാലനം ടൂറിസം വകുപ്പോ ഡി.ടി.പി.സിയോ ഏറ്റെടുക്കണമെന്നും എം.വിജിൻ ആവശ്യപ്പെട്ടു.
കേളകം അടക്കാത്തോട് രണ്ടു പൊതുമരാമത്ത് റോഡുകളുടെ പ്രവൃത്തി വർഷങ്ങളായി പാതിവഴിയിലാണെന്ന് സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു. ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പ്രവൃത്തി നീണ്ടുപോയതാണെന്നും ഈയാഴ്ച പ്രവൃത്തി ആരംഭിക്കുമെന്നും ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.

കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്രീ പെയ്ഡ് ഓട്ടോ കൗണ്ടറുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം വേഗത്തിൽ നടത്താൻ ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മാഹിപ്പാലത്തിന്റെ അറ്റകുറ്റപണി ഉടൻ ആരംഭിക്കുമെന്ന് പൊതുമരാമത്ത് ദേശീയപാതാ വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. യോഗത്തിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ അധ്യക്ഷത വഹിച്ചു.

രോഗീ സൗഹൃദ വായനശാല

ജില്ലയിൽ വിവിധ സർക്കാർ ആശുപത്രികളിൽ രോഗീ സൗഹൃദ വായനശാല സ്ഥാപിക്കുന്നതിന് എല്ലാ കീഴ്ഘടക സ്ഥാപനങ്ങൾക്കും തുടർ നിർദേശം നൽകിയതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.

കാരുണ്യ സുരക്ഷ പദ്ധതി പോലുള്ള വിവിധ ആരോഗ്യ പദ്ധതികളിൽ നിന്നു ജില്ലയിലെ വിവിധ ആശുപത്രികൾക്ക് പണം ലഭിക്കാത്തതിനാൽ ദൈനംദിന പ്രവർത്തനം പ്രതിസന്ധിയിലാണ്.

കെ.മുരളീധരൻ എം.പിയുടെ പ്രതിനിധി