boat-
ഫിഷറീസ് വകുപ്പ് പിടികൂടിയ കർണ്ണാടക ബോട്ട്

കാസർകോട്: അനധികൃത മത്സ്യബന്ധനത്തിനെതിരെ ആറു മാസത്തിനിടെ അരക്കോടി രൂപ പിഴ ഈടാക്കി ഫിഷറീസ് വകുപ്പ്.

അനധികൃത മത്സ്യബന്ധനത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുവാൻ തന്നെയാണ് ഡിപ്പാർട്ട്മെന്റ് തീരുമാനമെടുത്തിരിക്കുന്നതെന്ന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.എ.ലബീബ് അറിയിച്ചു.

കഴിഞ്ഞദിവസം മഞ്ചേശ്വരം തീരത്തോട് ചേർന്ന് നൈറ്റ് ട്രോളിംഗ് നടത്തിയ കർണ്ണാടക ബോട്ട് ഫിഷറീസ് ഡിപ്പാർട്ട്മെന്റും കുമ്പള, ബേക്കൽ, തൃക്കരിപ്പൂർ, കോസ്റ്റൽ പൊലീസും ചേർന്ന് നടത്തിയ സംയുക്ത പട്രോളിംഗിൽ പിടിയിലായി. കർണ്ണാടക രജിസ്ട്രേഷനുള്ള ശാലോം മോർണ്ണിങ്ങ് സ്റ്റാർ വി എന്ന ബോട്ടാണ് മഞ്ചേശ്വരം ഷിറിയ കടപ്പുറത്തു നിന്ന് 10.4 ഫാത്തം ആഴത്തിൽ നിന്ന് പിടികൂടിയത്. കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമ പ്രകാരം 2.5 ലക്ഷം രൂപ പിഴ ഡെപ്യൂട്ടി ഡയറക്ടർ ബോട്ട് ഉടമയിൽ നിന്ന് ഈടാക്കി. യന്ത്രവത്കൃത ബോട്ടുകളുടെ അനധികൃത മത്സ്യബന്ധനം ഏറ്റവും കൂടുതൽ ബാധിക്കുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികളെയാണ്.