k-surendran

കണ്ണൂർ: സി.ആർ.പി.എഫ് വന്നാലും ഗവർണറെ വിടില്ലെന്ന് പറയുന്ന സി.പി.എം സെക്രട്ടറി എം.വി.ഗോവിന്ദൻ അവരുടെ കൈയിലുള്ളത് കളിത്തോക്കല്ലെന്ന് ഓർത്താൽ നല്ലതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. കേരള പദയാത്രയോടനുബന്ധിച്ച് കണ്ണൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ അഴിമതിയും ഭരണസ്തംഭനവും മറയ്ക്കാനാണ് സി.പി.എം ഗവർണറെ ആക്രമിക്കുന്നത്. അതിന് അവസരമുണ്ടാക്കുന്നത് പൊലീസാണ്. അതുകൊണ്ടാണ് സി.ആർ.പി.എഫ് സുരക്ഷ അനുവദിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയെയും മകളെയും രക്ഷിക്കാൻ വ്യവസായ വകുപ്പിന്റെ കീഴിലുള്ള കെ.എസ്.ഐ.ഡി.സി ജനങ്ങളുടെ പണം ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കെ.എസ്. ഐ.ഡി.സി എന്തിനാണ് 25 ലക്ഷം രൂപ ചെലവഴിച്ച് അഭിഭാഷകനെ വച്ച് സി.എം.ആർ.എല്ലിനും എക്സാലോജിക്കിനും വേണ്ടി കോടതിയിൽ പോയത്? പിണറായി വിജയന്റെ മകളുടെ സ്ഥാപനമാണോ കെ.എസ്.ഐ.ഡി.സി. സ്വന്തം സ്റ്റാൻഡിംഗ് കോൺസൽ അഭിഭാഷകൻ ഉള്ളപ്പോൾ ഹൈക്കോടതിയിലെ കേസ് വാദിക്കാൻ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനെ ഇറക്കിയത് ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഭയക്കുവാൻ കാര്യമായി ഉണ്ടെന്നതിന്റെ തെളിവാണ്. സി.എം.ആർ.എല്ലിന് കെ.എസ്.ഐ.ഡി.സിയിൽ ഓഹരിയുണ്ട്. മുഖ്യമന്ത്രിയുടെ മകളുടെ വ്യവസായ സംരംഭത്തിന് പണം കൊടുത്ത സി.എം.ആർ.എല്ലാണെന്നതും വ്യക്തമാണ്. അതുകൊണ്ട് മാസപ്പടിയിൽ മുഖ്യമന്ത്രിയെയും മകളെയും രക്ഷിക്കാനാണ് കെ.എസ്.ഐ.ഡി.സി വെപ്രാളം കാണിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

സർക്കാർ ഉദ്യോഗസ്ഥൻമാർ പിണറായി വിജയന്റെ അടിമപ്പണി ചെയ്താൽ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെ ഗതി വരുമെന്നും സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി. വാർത്താസമ്മേളനത്തിൽ ജില്ല അദ്ധ്യക്ഷൻ എൻ.ഹരിദാസൻ, സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത്, സജി ശങ്കർ എന്നിവർ പങ്കെടുത്തു.