
തൃക്കരിപ്പൂർ : അറുപതോളം വരുന്ന കൂറ്റൻ പന്നിച്ചൂട്ടുകൾ, പുഷ്പാലംകൃതമായ കലശക്കുടം, പ്രത്യേക ഈണത്തിലുള്ള കുരവ, ചെണ്ടയുടെ ദ്രുത താളം, ഒപ്പം ചൂട്ടു വെളിച്ചത്തിൽ തിളങ്ങുന്ന രൗദ്ര ഭാവവുമായി പുതിയാറമ്പൻ തെയ്യവും. ഉദിനൂർ ക്ഷേത്ര പാലക ക്ഷേത്രത്തിലെ പാട്ടുത്സവത്തിന്റെ സമാപനം കുറിച്ചാണ് ഈ ചടങ്ങ് നടക്കുന്നത്.
തെയ്യാട്ടത്തിന്റെ ഭാഗമായി 30 ന് രാത്രി നടക്കുന്ന കലശമെഴുന്നള്ളിപ്പിന് ആചാരപ്പെരുമകളേറെ. ക്ഷേത്രപാലകന് കലശം എഴുന്നള്ളിക്കാൻ അവകാശികളായ വലിയവീട് തറവാട്ടിൽ നിന്നും വടക്കെ നടയിലുള്ള പള്ളിയറ വരെയുള്ള കലശം എഴുന്നള്ളത്തും അകമ്പടിയായുള്ള ചൂട്ടുകളും സംരക്ഷകനായി പുതിയാറമ്പൻ തെയ്യത്തിന്റെ സാന്നിദ്ധ്യവും കാണാൻ ദൂര ദിക്കുകളിൻ നിന്നു പോലും ആളുകൾ എത്തിച്ചേരുന്നു. കാലം കഴിയുന്തോറും ചൂട്ടുകളുടെയും ആചാരങ്ങളുടെയും പൊലിമ കൂടിക്കൊണ്ട് തന്നെ.ഇപ്പോൾ ശരാശരി 60 ഓളം ചൂട്ടുകൾ ഉണ്ടാകും.ഓരോരുത്തരുടെയും കായബലത്തിനനുസരിച്ച് ചൂട്ടിന്റെ വലുപ്പത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. തെങ്ങോലകൾ ഉപയോഗിച്ചാണ് ചൂട്ട് നിർമ്മിക്കുന്നത്. 30 മുതൽ 40 ഓലകളാണ് ചൂട്ടിന് ഉപയോഗിക്കുന്നത്. ഭാരമേറിയ ചൂട്ട് നേഞ്ചോട് ചേർത്ത്പിടിച്ച് ആയംമൂളി ഓരോസ്ഥലത്തും ഇട്ടുകൊണ്ടാണ് ലക്ഷ്യ സ്ഥാനത്തെത്തിക്കുന്നത്. കലശക്കുടം അലങ്കരിക്കുന്നതിലും ഏറെ ആചാരങ്ങൾ പാലിക്കുന്നുണ്ട്. ഇതിനുള്ള അവകാശം തൈവളപ്പ് വീട്ടുകാർക്കാണ്. അള്ളടത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളിൽ ക്ഷേത്രപാലകന്റെ വലംകൈയായി നിന്നിരുന്ന മുഖ്യപോരാളിയായിരുന്നു പുതിയാറമ്പൻ എന്നാണ് ഐതിഹ്യം.
ഏഴിമലയിലെ പൂക്കൾ
കലശക്കുടം അലങ്കരിക്കുന്ന പൂക്കൾ ശേഖരിക്കുന്നത് ഏഴിമലയിൽ നിന്നാണ്.തെയ്യം ദിവസത്തിന്റെ തലേന്നാൾ അമ്പതോളം പേർ ഇതിനായി ഏഴിമലയിലേക്ക് യാത്ര തിരിക്കും. ആർപ്പുവിളികളുമായാണ് പൂക്കൾ കൊണ്ടു വരുന്നത്.പൂക്കൾ ഏഴിമലയിൽ നിന്നു തന്നെ ശേഖരിക്കുന്നതിൽ ചരിത്ര പശ്ചാത്തലമുണ്ടെന്നും നാടൻ കലാഗവേഷകർ പറയുന്നുണ്ട്.