bjp

കണ്ണൂർ: എൻ.ഡി.എ. സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയ്ക്ക് കണ്ണൂരിൽ വരവേൽപ്പ്. ഇന്നലെ രാവിലെ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലെത്തി തിരുവപ്പനയുടെ അനുഗ്രഹം തേടിയ ശേഷമാണ് സുരേന്ദ്രൻ കണ്ണൂരിലെ പര്യടനം ആരംഭിച്ചത്. തയ്യിൽ കടപ്പുറത്തെ പ്രവർത്തകരോടൊപ്പമായിരുന്നു പ്രാതൽ. കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുടെ പരിപാടിയിലും സാമൂഹികസാംസ്‌കാരിക നേതാക്കളുടെ സംഗമത്തിലും അദ്ദേഹം പങ്കെടുത്തു.

തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിലുള്ള പാർട്ടി പ്രവർത്തകരെയും സന്ദർശിച്ചു. വൈകീട്ട് മൂന്ന് മണിക്ക് ടൗൺ സ്‌ക്വയറിൽ നടന്ന സമ്മേളനം നടൻ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. രാത്രിയോടെ പുതിയ തെരുവിലാണ് യാത്ര സമാപിച്ചത്.

സ്വാഗതസംഘം ചെയർമാൻ സി.രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി, മുൻ സംസ്ഥാന അദ്ധ്യക്ഷൻമാരായ പി.കെ.കൃഷ്ണദാസ്, സി കെ.പദ്മനാഭൻ, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ട്, ശിവസേന സംസ്ഥാന അദ്ധ്യക്ഷൻ പേരൂർക്കട ഹരികുമാർ, നാഷണലിസ്റ്റ് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി എം.എൻ.ഗിരി, എസ്.ജെ.ഡി. സംസ്ഥാന അദ്ധ്യക്ഷൻ വി.വി. രാജേന്ദ്രൻ, ബി.ജെ.പി സംസ്ഥാന സെക്രട്ടറിമാരായ കെ.രഞ്ജിത്ത്, കെ.ശ്രീകാന്ത്, കണ്ണൂർ ജില്ലാപ്രസിഡന്റ് എൻ.ഹരിദാസ്, ബി.ജെ.പി ദേശീയ കൗൺസിൽ അംഗങ്ങളായ എ.ദാമോദരൻ, പി.കെ.വേലായുധൻ, കാമരാജ് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി സന്തോഷ് കാളിയത്ത്, ബി.ജെ.പി ജില്ലാ ജന.സെക്രട്ടറിമാരായ ബിജു എളക്കുഴി, എം ആർ സുരേഷ് എന്നിവർ സംസാരിച്ചു.

കേരളത്തിൽ മത്സരം മോദി ഗ്യാരണ്ടിയും പിണറായിയുടെ ഉറപ്പില്ലായ്മയും തമ്മിൽ: കെ.സുരേന്ദ്രൻ

നരേന്ദ്രമോദിയുടെ ഗ്യാരണ്ടിയും പിണറായി വിജയന്റെ ഉറപ്പില്ലായ്മയും തമ്മിലാണ് കേരളത്തിൽ മത്സരമെന്ന് കെ.സുരേന്ദ്രൻ ഉദ്ഘാടന സമ്മേളനത്തിൽ പറഞ്ഞു. എൽ.ഡി.എഫ് വന്നാൽ എല്ലാം ശരിയാവുമെന്ന് പറഞ്ഞാണ് പിണറായി വിജയൻ അധികാരത്തിൽ വന്നത്. എന്നാൽ ഇപ്പോൾ പാവങ്ങളെ ശരിയാക്കുകയാണ്. അതേ സമയം സാധാരണക്കാർക്ക് സ്വാനിധി പദ്ധതി പ്രകാരം സഹായം ചെയ്യുന്നതാണ് മോദിയുടെ ഗ്യാരണ്ടി. പൊതുമേഖല സ്ഥാപനങ്ങളെ രക്ഷിക്കുന്ന സർക്കാരാണിത്.

നഷ്ടത്തിലായ ബി.എസ്.എൻഎല്ലിനെ ലാഭത്തിലാക്കിയത് നരേന്ദ്രമോദിയാണ്. കൈത്തറിക്കാരുടെയും നെയ്ത്തുകാരുടെയും നാടായ കണ്ണൂരിൽ അവരോട് നീതികാണിക്കാൻ പിണറായി വിജയന് സാധിച്ചില്ല. എന്നാൽ പരമ്പരാഗത തൊഴിലാളികൾക്ക് പി.എം വിശ്വകർമ്മയോജന പ്രകാരം പതിനായിരക്കണക്കിന് കോടി രൂപയാണ് മോദി അനുവദിച്ചത്. കേരളത്തിൽ ഒരേ ഒരു കുടുംബത്തിന് വേണ്ടിയുള്ള ഭരണമാണ് നടക്കുന്നത്. പൊതുഖജനാവിൽ നിന്നും 25 ലക്ഷം രൂപ ചിലവാക്കി മുഖ്യമന്ത്രിയുടെ മകൾക്ക് വേണ്ടി കേസ് നടത്തുകയാണ് സംസ്ഥാന സർക്കാരെന്നും. സുരേന്ദ്രൻ പറഞ്ഞു.