suresh-gopi

കണ്ണൂർ: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് വന്നിരിക്കുമെന്ന് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. കെ റെയിൽ വരും കേട്ടോ എന്നു പറയുന്നത് പോലെയാവില്ല ഇത്. അടുത്ത ഇലക്ഷൻ മാനിഫെസ്‌റ്റോയിൽ ഈ വാഗ്ദാനം ഉൾപ്പെടുത്തി നടപ്പായാൽ പിന്നെ ഇവിടെ ജാതിക്കൊന്നും ഒരു പ്രസക്തിയും ഉണ്ടാവില്ല.

എന്നാൽ അത് ഒരു വിഭാഗത്തെ ഒറ്റപ്പെടുത്താനാണെന്ന് ആരും കരുതേണ്ട. ആ വിഭാഗത്തിന് പ്രത്യേകിച്ച് സ്ത്രീകൾക്ക് അതൊരു അനുഗ്രഹമാകും. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ കണ്ണൂർ മണ്ഡലം പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ത്രീ സംവരണം എന്നത് അധരവ്യായാമം മാത്രമായിരുന്നു. എന്നാൽ മോദി അത് പൂർണ അർത്ഥത്തിൽ യാഥാർത്ഥ്യമാക്കും. കേരളത്തിലെ അധമ രാഷ്ട്രീയ ഭരണത്തിനുമേൽ ഇടിത്തീ വീഴട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ഒരു കേസെടുപ്പ് സർക്കാരാണ് ഇവിടെയുള്ളത്. പറഞ്ഞതിനും പറയാൻ പോകുന്നതിനും കേസെടുക്കുന്നു. കോൺഗ്രസ് നേതാക്കളെയും മാറ്റി നിറുത്താനാവില്ല. എന്നാൽ തലയ്ക്ക് വെളിവുള്ള ചില കോൺഗ്രസ് നേതാക്കളുണ്ട്. കോൺഗ്രസ് പാർട്ടിയിൽപെട്ടവർ എന്നേ അവരെ പറയാനാവൂ. മാനസികമായി അവർ ഏറെക്കാലം അവിടെ നിൽക്കുമെന്ന് കരുതുന്നില്ല.