chitram

തലശ്ശേരി: കൊവിഡ് കാലത്ത് ലോകം അനുഭവിച്ച ആകുലതയും വിഹ്വലതകളും പ്രതിസന്ധിയുമെല്ലാം ചിത്രാവിഷ്കാരമാക്കിയ ആർക്കോവി'19 ചിത്രപ്രദർശനം അനുവാചകഹൃദയങ്ങളെ പിടിച്ചുലക്കുന്ന അനുഭവമായി.

തലശ്ശേരി ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ നടക്കുന്ന ചിത്രപ്രദർശനം കൊവിഡ് മഹാമാരിയുടെ അനുഭവകാല സന്ദേശം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

സ്വന്തം ഭർത്താവിന് പോലും വീടിന് പുറത്ത് മതിലിൽ ഭക്ഷണം വച്ച് മടങ്ങുന്ന സ്ത്രീയിലൂടെയാണ് സെൽവൻ മേലൂർ കൊവിഡിന്റെ നേർക്കാഴ്ചയെ അവതരിപ്പിച്ചത്.ജാതിയും മതവും വർഗ്ഗവർണ്ണ വിവേചനമില്ലാതെ ഒറ്റ കുഴിയിൽ ഒന്നിക്കുന്നവരുടേയും എല്ലാം മറന്ന് പ്രതിരോധം തീർക്കുന്ന സന്നദ്ധ പ്രവർത്തകരെയും അവതരിപ്പിച്ച
പ്രദീപ് ചൊക്ലിയും കൈയടി നേടി.രാഗേഷ് പുന്നോൽ ,​ സുരേഷ് ഉണ്ണി എന്നിവരുടെ ചിത്രങ്ങളും കൊവിഡ് മാനവരാശിയ്ക്ക് മേൽ കോരിയിട്ട വ്യഥകളെ ഹൃദ്യമായി ആവിഷ്കരിച്ചു. റാന്തൽ വെളിച്ചത്തിൽ വട്ടമിടുന്ന ഈയംപാറ്റകൾ ഇരുണ്ട കാലത്തെ ഓർമ്മിപ്പിക്കുന്ന എട്ടു വയസ്സുകാരി നിഹാരിക രാജിന്റെ ചിത്രവും പ്രേക്ഷകപ്രശംസ പിടിച്ചുപറ്റി. അഴിക്കുള്ളിൽ അകപ്പെട്ടു പോയ മനുഷ്യൻ സ്വാതന്ത്ര്യത്തിന്റെ 'ചിറകുവിരിച്ച് ഉന്മാദം കൊള്ളുന്ന പക്ഷി മൃഗാദികളെ നിസ്സഹായതയോടെ നോക്കി നിൽക്കുന്ന ദീപൻ കോളാടിന്റെ ചിത്രങ്ങളും മികച്ചുനിന്നു.പാതി തളർന്ന ശരീരവുമായി വരയുടെ ലോകത്ത് മാസ്മരികത തീർക്കുന്ന സജിത മാണിയൂരും ഡോ: ജോജി പള്ളത്താനയും ശരത് മാഹിയും ഫോറിന്റോ ദീപ്തിയും ടി.പി.രാജേഷ് തളിപ്പറമ്പുമെല്ലാം ചിത്രങ്ങളുമായി ആർക്കോവി 19 പ്രദർശനത്തിൽ കൈയടി നേടി.
ചിരട്ടയിൽ തീർത്ത കൊവിഡ് വൈറസും ചങ്ങലയുമെല്ലാം പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസ ഏറ്റുവാങ്ങി. മുപ്പതോളം ചിത്രകാരൻമാരുടേതായി അറുപത് ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. പ്രദർശനം 31ന് അവസാനിക്കും.