
യൂണിറ്റ് വിലയുടെ 50 ശതമാനം സബ് സിഡി
കാസർകോട്:ജില്ലയിലെ മരബോട്ടുകൾ സ്റ്റീൽ ഹൾ ആക്കുന്ന പദ്ധതിയുമായി ഫീഷറീസ് വകുപ്പ്. മീൻ പിടിത്തം നൂതന ശാസ്ത്രീയ വഴികളിലൂടെ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ഫിഷറീസ് വകുപ്പ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
പന്ത്രണ്ടു വർഷം വരെയാണ് മരബോട്ടുകളുടെ കാലാവധി. ജില്ലയിലെ ഭൂരിഭാഗം വരുന്ന മരത്തിൽ നിർമ്മിച്ച ബോട്ടുകളും 20 വർഷത്തിലേറെ കാലപ്പഴക്കമുള്ളവയാണ്. ഇവയിൽ പലതിനും ലൈസൻസുമില്ല. പദ്ധതിയുടെ യൂണിറ്റ് വിലയുടെ 50 ശതമാനം സർക്കാർ സബ്സിഡിയായി ഗുണഭോക്താവിന് നൽകും.പതിനഞ്ചുലക്ഷം രൂപയാണ് പരമാവധി സബ്സിഡി തുക. അംഗീകൃത ബോട്ട് നിർമ്മാണ ശാലയുമായി കരാറിൽ ഏർപ്പെടുന്ന മുറയ്ക്ക് നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ സബ്സിഡി തുക യാർഡ് അക്കൗണ്ടിലേക്ക് സർക്കാർ കൈമാറും.
കാര്യക്ഷമത കൂടും,ഗുണവും
കാര്യക്ഷമത പരിഗണിച്ച് സ്റ്റീൽ ബോട്ടിൽ 20 മീറ്റർ ആഴത്തിലും മത്സ്യബന്ധനം നടത്താം.
സ്റ്റീൽ ബോട്ടുകൾക്ക് 15 വർഷം കാലാവധി.
കാലപ്പഴക്കമുള്ള ബോട്ടുകൾ പരിപാലിക്കുന്നതുവഴിയുള്ള നഷ്ടം കുറക്കാം
പതിനഞ്ചു ലക്ഷം രൂപ സബ്സിഡിയായി ലഭിക്കും
പ്രയോജനപ്പെടത്താം
12 വർഷം കാലപ്പഴക്കവും രജിസ്‌ട്രേഷനുമുള്ള 40 അടി നീളവും 200 എച്ച്.പി താഴെ എൻജിൻ കപ്പാസിറ്റിയുമുള്ള തടിനിർമ്മിത യന്ത്രവത്കൃതയാനം സ്വന്തമായുള്ള ബോട്ട് ഉടമകൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. മത്സ്യബന്ധനത്തിൽ സജീവമായി ഏർപ്പെടുന്ന, ക്ഷേമനിധി അംഗത്വമുള്ളവർക്ക് മുൻഗണന ലഭിക്കും. സാധുത ഉള്ള ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, റിയൽ ക്രാഫ്റ്റ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് , ബയോമെട്രിക് ഐഡി കാർഡ്, ക്യൂആർ കോഡ്, ആധാർ കാർഡ് എന്നിവ അപേക്ഷിക്കുന്നയാൾക്ക് ഉണ്ടായിരിക്കണം. ഫെബ്രുവരി അഞ്ചിന് വൈകിട്ട് അഞ്ച് വരെ പദ്ധതിക്കായി അപേക്ഷിക്കാം. അപേക്ഷ നൽകുന്നതിനായി തൊട്ടടുത്തുള്ള മത്സ്യഭവനുമായി ബന്ധപ്പെടണം.