
കണ്ണൂർ: ഇ.പി.ജയരാജൻ വധശ്രമക്കേസിൽ അറസ്റ്റ് ചെയ്തതിനെതിരെ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ 1998ൽ നൽകിയ
മാനനഷ്ടക്കേസ് തലശ്ശേരി അഡി. സബ് കോടതി തള്ളി. 50 ലക്ഷത്തിന് ആനുപാതികമായി മാനനഷ്ടക്കേസിൽ കെട്ടിവയ്ക്കേണ്ട 3.43 ലക്ഷം രൂപ നൽകാത്തതിനെ തുടർന്നാണിത്.
അറസ്റ്റ് അന്യായമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് മാനനഷ്ടക്കേസ് നൽകിയത്. ഇതിനൊപ്പം 3.43 ലക്ഷം രൂപ കെട്ടിവയ്ക്കാൻ വഴിയില്ലെന്ന് കാട്ടി കോടതിയിൽ പാപ്പർ ഹർജിയും നൽകിയിരുന്നു. അന്നത്തെ യു.ഡി.എഫ് സർക്കാർ അനുകൂല നിലപാടെടുത്തതോടെ പാപ്പർ ഹർജി കോടതി അംഗീകരിച്ചു.
എന്നാൽ സുധാകരന് ഒരു കോടിയിലധികം രൂപയുടെ ആസ്തിയുണ്ടെന്നും എം.പി ശമ്പളമുൾപ്പെടെ ലഭിക്കുന്നുണ്ടെന്നും മാനനഷ്ടക്കേസിന്റെ വിചാരണയ്ക്കിടെ കഴിഞ്ഞ വർഷം സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. തുടർന്ന് സുധാകരൻ പാപ്പരല്ലെന്ന് കോടതി വിധിച്ചു. 3.43 ലക്ഷം രൂപ 15 ദിവസത്തിനകം കെട്ടിവയ്ക്കാനും കോടതി ഉത്തരവിട്ടു. ഇതിന് സുധാകരൻ തയ്യാറാകാത്തതോടെയാണ് മാനനഷ്ടക്കേസ് തള്ളിയത്. വധശ്രമക്കേസിൽ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സുധാകരന്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.