പയ്യന്നൂർ: ഒരു വശത്ത് മാലിന്യ നിക്ഷേപത്തിനെതിരെ നടപടികൾ കർശനമാക്കുമ്പോൾ മറുവശത്ത് പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചുള്ള വെല്ലുവിളി തുടരുന്നു. പയ്യന്നൂർ ഒളവറ പാലത്തിന് സമീപ പ്രദേശങ്ങളാണ് മാലിന്യകേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്നത്. പയ്യന്നൂർ നഗരസഭയിൽ ഉൾപ്പെടുന്ന കണ്ണൂർ ജില്ലയേയും കാസർകോട് ജില്ലയേയും ബന്ധിപ്പിക്കുന്ന ഒളവറ പാലത്തിന്റെ ഇരുവശങ്ങളിലുമാണ് മാലിന്യങ്ങൾ തള്ളുവാനുള്ള കേന്ദ്രമായി ചിലർ തിരഞ്ഞെടുത്തിരിക്കുന്നത്.
ഈ മാലിന്യങ്ങൾ പുഴയിലേക്ക് കലരുന്നതും കാണാം. അതുപോലെ തന്നെ ഇതിനടുത്ത ഓവർ ബ്രിഡ്ജിന് അടിവശത്തും ഇതുതന്നെയാണ് സ്ഥിതി. ഇവിടെയും പല തരത്തിലുള്ള മാലിന്യങ്ങൾ തള്ളുകയാണ്. കഴിഞ്ഞ നഗരസഭാ ഭരണസമിതി ഓവർ ബ്രിഡ്ജിന് സമീപം ചിലയിടങ്ങളിൽ സി.സി ടി.വി കാമറ സ്ഥാപിച്ച് മാലിന്യം തള്ളുന്നവരെ കണ്ടെത്തി പിഴ അടപ്പിക്കാനുള്ള നടപടി സ്വീകരിച്ചിരുന്നു.
ആ സി.സി ടി.വി കാമറകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് സംശയമാണെന്ന് പ്രദേശവാസികൾ പറയുന്നു.
കോഴി പിന്നെ, പ്ളാസ്റ്റിക്
കോഴി മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് ഇവിടെ കൂടുതലായി നിക്ഷേപിക്കപ്പെടുന്നത്. ഇപ്പോൾ ഇ മാലിന്യങ്ങളും കെട്ടിടം പൊളിച്ച മാലിന്യങ്ങളും തുടങ്ങി എല്ലാ തരത്തിലുള്ള മാലിന്യങ്ങളും ഇവിടെ തള്ളിയതായി കാണാൻ സാധിക്കുന്നുണ്ട്.
കണ്ണൂർ -കാസർകോട് ജില്ലാ അതിർത്തി പ്രദേശമായതിനാൽ നഗരസഭയുടെ കെടുകാര്യസ്ഥതയാണ് ഇതിന് കാരണം. മാലിന്യനിക്ഷേപത്തിന് അറുതി വരുത്താൻ ജനപ്രതിനിധികളും നഗരസഭാ അധികൃതരും ചേർന്ന് നടപടി സ്വീകരിക്കണം.
പ്രദേശവാസികൾ .