
കണ്ണൂർ:കണ്ണൂർകോർപറേഷനിൽ ടൂറിസം വികസനത്തിന്ഊന്നൽ നൽകുമെന്ന് മേയർ മുസ്ലിഹ് മഠത്തിൽ പറഞ്ഞു.കണ്ണൂർ പ്രസ് ക്ലബ്ബിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസൗന്ദര്യവൽക്കരണവും ടൂറിസം വികസനവുമാണ് വരുംകാലങ്ങളിൽ നടപ്പിലാക്കുക.ടൂറിസത്തിന് പ്രധാന്യം നൽകിക്കൊണ്ടു പൈതൃകനഗരമെന്ന നിലയ്ക്കുളള പദ്ധതി നടപ്പിലാക്കും. കോഴിക്കോട് സാഹിത്യനഗരമായി മാറിയതുപോലെ കണ്ണൂരിനെ ക്രാഫ്റ്റ്, ഫോക്‌ലോർ എന്നിവയ്ക്കു പ്രാധാന്യമുളള നഗരമായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിലെത്തുന്നവർക്ക് നല്ല നഗരകാഴ്ചകളുണ്ടാക്കാനുളള പ്രവർത്തനം നടത്തും.കണ്ണൂർ നഗരം കണ്ണൂരിന്റെ കണ്ണായി മാറണം. പയ്യാമ്പലം പോലെയുളള ഒട്ടേറെ ടൂറിസം കേന്ദ്രങ്ങൾ കണ്ണൂരിലുണ്ട്. പയ്യാമ്പലത്ത് എത്തുന്നവർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനായി ടേക് എ ബ്രേക്ക് പദ്ധതിയായിട്ടുണ്ട്.അടുത്തയാഴ്ച്ച ടെൻഡർ വിളിച്ചു പദ്ധതി നിർമ്മാണം തുടങ്ങും. വാരം കടവ് അതുകൂടി ടൂറിസം കേന്ദ്രത്തിന്റെ ഭാഗമായി മാറ്റും.അതിന് സ്വകാര്യവ്യക്തിയിൽ നിന്നും സ്ഥലമേറ്റെടുക്കേണ്ടതുണ്ട്. അതിനായുളള പ്രവർത്തനങ്ങൾ സർക്കാരുമായി സഹകരിച്ചു നടപ്പിൽ വരുത്തും. കക്കാട് പുഴ ശുചീകരണവും ടൂറിസം പദ്ധതിയും പൂർത്തിയാക്കും. കണ്ണൂർ കോർപറേഷൻ സ്‌റ്റേഡിയം സ്‌റ്റേഡിയം നവീകരണത്തിന് എം.പിയുടെ ഫണ്ടിൽ നിന്നുളള പ്രത്യേക പദ്ധതിയുണ്ട്. കാലപ്പഴക്കം കൊണ്ടുളള പ്രശ്നങ്ങൾ സ്‌റ്റേഡിയം കോംപ്ളക്സിനുണ്ട്. അത് പരിഹരിക്കുമെന്നും മേയർ പറഞ്ഞു.
പരിപാടിയിൽ പ്രസ് ക്ലബ്ബ് പ്രസിഡന്റ് സിജി ഉലഹന്നാൻ അദ്ധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി കെ.വിജേഷ് , ഗണേഷ് മോഹൻ എന്നിവർ പങ്കെടുത്തു.
ഭരണസമിതിയുടെ തുടർച്ച
കഴിഞ്ഞ ഭരണസമിതിയുടെ തുടർച്ചയാണ് ഈ ഭരണസമിതി .വികസനപ്രവർത്തനങ്ങൾ ഭരണ,പ്രതിപക്ഷമെന്നില്ലാതെ നടപ്പിലാക്കും. ഇന്ത്യയിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തുന്ന കോർപറേഷനെന്ന അംഗീകാരം കണ്ണൂരിന് ലഭിച്ചിട്ടുണ്ട്. നെല്ലിക്ക ആപ്പിലൂടെ ഹരിതകർമ്മസേന നടത്തുന്ന അജൈവമാലിന്യ കളക്ഷന് അംഗീകാരം ലഭിച്ചു. അതുമായി ബന്ധപ്പെട്ടു ഒന്നാമതായുളള അവാർഡ് ലഭിച്ച രാജ്യത്തെ കോർപറേഷനുകളിലൊന്നാണ് കണ്ണൂർ. സ്മാർട്ട്സിറ്റിയല്ലാത്ത നഗരമായ കണ്ണൂരിനെ അർബൻ ഡാറ്റാലിസ്റ്റിൽ ഉൾപ്പെടുത്താൻ സാധിച്ചവെന്നും മേയർ പറഞ്ഞു.