തലശ്ശേരി: നഗരസഭാ കൗൺസിൽ യോഗത്തിൽ വെല്ലുവിളിയും കൈയാങ്കളിയും. പരിക്കേറ്റ ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ആശുപത്രിയിൽ ചികിത്സ തേടി. മരണപ്പെട്ട ഭിന്നശേഷിക്കാരന്റെ ബങ്ക് അനന്തരാവകാശികൾക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അജണ്ട ചർച്ചയ്ക്ക് വന്നതോടെയാണ് തർക്കമുണ്ടായത്. ഏത് മാനദണ്ഡ പ്രകാരമാണ് ബങ്ക് അവകാശികൾക്ക് നൽകുന്നതെന്നുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം കിട്ടിയില്ലെന്നാരോപിച്ച് ബി.ജെ.പി. കൗൺസിലർമാരായ കെ. ലിജേഷും കെ. അജേഷും എഴുന്നേറ്റു നിന്ന് പ്രതിഷേധിച്ചു.

വിഷയത്തിൽ ഇടപെട്ടു സംസാരിച്ച സി.പി.എം. കൗൺസിലർ സി. സോമനുമായും ഇടഞ്ഞ ലിജേഷ് ശബ്ദമുയർത്തി സംസാരിച്ചു. ബഹളത്തിനിടെ അജണ്ട പേപ്പറുകൾ കീറി വലിച്ചെറിഞ്ഞ ഇരുവരും യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകവെ പുറത്തേക്കുള്ള വാതിലിനടുത്തെത്തി അവിടെ ഇരിക്കുകയായിരുന്ന ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ടി.സി. അബ്ദുൾ ഖിലാബുമായും തർക്കമായി. ഖിലാബിന്റെ കൈയിലുണ്ടായ അജണ്ട പേപ്പറുകൾ ബലമായി തട്ടിത്തെറിപ്പിച്ചു. കൈയാങ്കളിക്കിടയിൽ ഖിലാബിന്റെ ഷർട്ട് കീറി. തർക്കം മൂർഛിച്ചതോടെ മറ്റ് കൗൺസിലർമാരും ഓടി എത്തി. ഒരു വിഭാഗം ലിജേഷിനെയും അജേഷിനെയും തടഞ്ഞ് ഹാളിന് പുറത്തേക്ക് തള്ളിക്കൊണ്ടുപോയി. ഇതിനിടെ കൗൺസിൽ യോഗം അവസാനിപ്പിച്ച് ചെയർപേഴ്സൺ കെ.എം.ജമുന റാണി ചേമ്പറിലേക്ക് പോയി. പരിക്കേറ്റ അബ്ദുൾ ഖിലാബ് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സ തേടി
ബി.ജെ.പി. കൗൺസിലർമാർ കരുതിക്കൂട്ടി വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയാണെന്ന് ചെയർ പേഴ്സൺ ജമുനാ റാണിയും മരാമത്ത് സമിതി സ്ഥിരം അദ്ധ്യക്ഷൻ എം.വി.ജയരാജനും കുറ്റപ്പെടുത്തി. സംഘർഷാവസ്ഥയെ തുടർന്ന് നഗരസഭ അധികൃതർ വിവരം നൽകിയതനുസരിച്ച് എസ്.ഐ. സജേഷ് സി. ജോസിന്റെ നേതൃത്വത്തിൽ പൊലീസെത്തി ഓഫീസ് പരിസരത്ത് നിലയുറപ്പിച്ചു. ഭരണകക്ഷി അംഗങ്ങൾ നഗരസഭാ ഓഫീസിന് മുന്നിൽ മുദ്രാവാക്യം ഉയർത്തി പ്രതിഷേധിച്ചു.
സി.പി.എം നിർദ്ദേശിക്കുന്നത് പോലെയാണ് കൗൺസിൽ യോഗം നടത്തുന്നതെന്നും യോഗത്തിൽ പ്രശ്നങ്ങൾ ഉന്നയിച്ചാൽ ശരിയായ മറുപടി കിട്ടുന്നില്ലെന്നും ബി.ജെ.പി. കൗൺസിൽ ലീഡർ കെ. ലിജേഷ് ആരോപിച്ചു. ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്ന് യു.ഡി.എഫ് കൗൺസിൽ ലീഡർ കെ.പി. അൻസാരിയും പറഞ്ഞു.