നീലേശ്വരം: ശ്രീ നെല്ലിക്കാതുരുത്തി കഴകം നിലമംഗലം ഭഗവതി ക്ഷേത്രത്തിന്റെയും കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രത്തിന്റെയും അധീനതയിലുള്ള തീരദേശ മേഖലയിലെ എട്ടു പ്രാദേശിക കമ്മിറ്റികളുടെ നേതൃത്വത്തിൽ 14 വർഷങ്ങൾക്ക് ശേഷം തൈക്കടപ്പുറം മുപ്പതിൽ കണ്ടം ഒറ്റക്കോല മഹോത്സവം നടക്കും. 1949, 1958, 1993, 2009 എന്നീ വർഷങ്ങളിൽ ഇവിടെ ഒറ്റക്കോല മഹോത്സവം കൊണ്ടാടിയിരുന്നു.

ഫെബ്രുവരി രണ്ടിന് രാവിലെ എട്ട് പ്രാദേശിക കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ ക്ഷേത്രങ്ങളിൽ നിന്ന് കലവറ ഘോഷയാത്ര ആരംഭിക്കും. ഉച്ചയ്ക്ക് 12 മണിക്ക് മഹോത്സവ നഗരിയിൽ പ്രവേശിക്കും. തുടർന്ന് അന്നദാനം. 1.30 ന് പരിധിയിലെ പള്ളികളിലെയും ക്ഷേത്രങ്ങളിലെയും ഭരണസമിതിയംഗങ്ങളെ അണിനിരത്തി ആരാധനാലയ നേതൃസംഗമം നടക്കും. പ്രഭാഷകൻ വി.കെ. സുരേഷ് ബാബു കൂത്തുപറമ്പ് സംഗമം ഉദ്ഘാടനം ചെയ്യും. ഫോക് ലോർ ഫെലോഷിപ്പ് ജേതാവ് എം.വി.തമ്പാൻ പണിക്കർ പിലിക്കോട് സോവനീർ പ്രകാശനം ചെയ്യും.

നാലിന് വൈകുന്നേരം 5 മണിക്ക് അച്ചാംതുരുത്തി പത്രവളപ്പ് തറവാട്ടിൽ നിന്നും പ്രധാന കർമ്മി രമേശൻ മല്ലക്കരയുടെ നേതൃത്വത്തിൽ തിരുവായുധം കൊണ്ടുവരും. തുടർന്ന് ദീപാരാധനയും 7.30 തിടങ്ങലിന് ശേഷം മേലേരിക്ക് അഗ്നി പകരും. രാത്രി 8 മണിക്ക് പ്രാദേശിക വനിതാ കൂട്ടായ്മ അംഗങ്ങൾ അവതരിപ്പിക്കുന്ന മെഗാ തിരുവാതിര. തുടർന്ന് അന്നദാനം. രാത്രി 8:30 മുതൽ വിവിധ തെയ്യക്കോലങ്ങളുടെ തോറ്റം പുറപ്പാട്. രാത്രി 9.30ന് കരിമരുന്ന് പ്രയോഗം. 11 മണിക്ക് ശ്രീ ചാമുണ്ഡേശ്വരി പുറപ്പാട്. 12.30 ഉച്ചൂളി കടവത്ത് ഭഗവതിയുടെ പുറപ്പാട്. അഞ്ചിന് പുലർച്ചെ 5ന് വിഷ്ണുമൂർത്തിയുടെ അഗ്നിപ്രവേശം. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ കെ.വി. അമ്പാടി, ജനറൽ കൺവീനർ കെ.വി.പ്രിയേഷ് കുമാർ, പി.വി. പൊക്കൻ, മാട്ടുമ്മൽ കൃഷ്ണൻ, പി.വി സുകുമാരൻ, എം.വി. ഭരതൻ, വി.വി. സുധാകരൻ, സുനിൽ മുപ്പതിൽ കണ്ടം, കെ. രാധാകൃഷ്ണൻ, എം. സുധാകരൻ എന്നിവർ സംബന്ധിച്ചു.