photo-1

കണ്ണൂർ:കക്കാട് അതിരകം ഡിവിഷനിൽ തണ്ണീർതടം നികത്തൽ വ്യാപകമായി. പുഴയോരം കൈയേറി മണ്ണിട്ട് നികത്തുന്ന ഭൂമാഫിയകൾക്കെതിരെ ചെറുവിരലനക്കാൻ പോലും കോർപറേഷൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് ഇതിനകം പരാതി ഉയർന്നിട്ടുണ്ട്.അമൃത വിദ്യാലയത്തിലേക്കുള്ള വഴിയിൽ പുഴയുടെ വലിയൊരു ഭാഗം മണ്ണിട്ട് നികത്തിക്കഴിഞ്ഞു.ഇതിനെതിരെ പരിസ്ഥിതി പ്രവർത്തകരും പൊതുജനങ്ങളും പ്രതിഷേധിച്ചിട്ടും കോർപ്പറേഷൻ റവന്യു വിഭാഗം കേട്ട മട്ടില്ല.

കക്കാട് പുഴയോരം മണ്ണിട്ട് നികത്തുന്നത് ഇതാദ്യമായല്ല. ഒരു വർഷം മുൻപ് അമൃത വിദ്യാലയത്തിന് സമീപമുള്ള സ്ഥലങ്ങളിൽ മതിലുകെട്ടി തിരിച്ച് പുഴ നികത്തിയതിനെതിരെ കടുത്ത പ്രതിഷേധമുയർന്നതാണ്. അന്ന് വിഷയം കണ്ണൂർ താലൂക്ക് വികസന സമിതി യോഗത്തിൽ എത്തിയതിനെ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഏക്കർക്കണക്കിന് തണ്ണീർത്തടം മണ്ണിട്ട് നികത്തിയാണ് മതിൽകെട്ടിയതെന്ന് അധികൃതർക്ക് ബോദ്ധ്യപ്പെടുകയും ചെയ്തു. കോർപ്പറേഷൻ റവന്യൂവിഭാഗം അധികൃതരോട് ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകാൻ തഹസിൽദാർ ആവശ്യപ്പെട്ടിരുന്നു.എന്നാൽ സമാന സംഭവങ്ങൾ ആവർത്തിക്കുമ്പോൾ കോർപ്പറേഷൻ നടപടിയെടുക്കാതെ ഉഴപ്പുകയാണിപ്പോൾ.

കാണാനില്ല ഇട്ട കല്ലുകൾ

കൈയേറ്റവും മണ്ണിട്ടുനികത്തലുമടക്കം വ്യാപക പരാതി ഉയർന്നതിനെ തുടർന്ന് 2013ൽ തഹസിൽദാരുടെ നിർദേശപ്രകാരം വളപട്ടണം പുഴയുടെയും കക്കാട് പുഴയുടെയും പുഴപ്പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തി കല്ല് സ്ഥാപിച്ചിരുന്നു. കൈയേറി കെട്ടിയ കെട്ടിടങ്ങളുടെ ഉടമകൾക്ക് ഒഴിയാൻ നോട്ടീസ് നൽകിയെങ്കിലും തുടർനടപടിയുണ്ടായിരുന്നില്ല.

നദീതീര സംരക്ഷണനിയമം നോക്കുകുത്തി

ജൈവവൈവിധ്യങ്ങളുടെ കലവറയായ കാട്ടാമ്പള്ളി തണ്ണീർത്തടത്തിൽ വേലിയേറ്റസമയത്ത് വളപട്ടണം പുഴയിൽനിന്ന് കക്കാട് പുഴയിലേക്ക് വെള്ളം ഒഴുകിവരുന്ന വലിയ തോടുകൾ പലയിടത്തും മണ്ണിട്ട് നികത്തിയും മതിൽകെട്ടിയും തടഞ്ഞിരിക്കുകയാണ്. ഇതുമൂലം പുഴയുടെ ഒഴുക്ക് നിലച്ചിട്ടുണ്ട്.പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ നിറഞ്ഞ് പുഴയുടെ സ്വാഭാവിക ഒഴുക്കിനും നിലനിൽപ്പിനും ഭീഷണി സൃഷ്ടിക്കുന്നതിനിടയിലാണ് ഒരു വശത്ത് പുഴ കൈയേറ്റം വ്യാപകമായിരിക്കുന്നത്.

കാട്ടാമ്പള്ളിയുടെ പ്രധാന ജലസംഭരണകേന്ദ്രങ്ങളിലൊന്നാണ് കക്കാട് പുഴ പ്രദേശങ്ങൾ. സ്വിമ്മിംഗ് പൂൾ, ഷോപ്പിംഗ് കോംപ്ലക്സ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഫാക്ടറി, ഗോഡൗൺ, കളിമൈതാനം എന്നിവ പുഴയോരം കൈയേറി പല കാലങ്ങളിലായി നിർമ്മിക്കപ്പെട്ടവയാണ്. പുഴയെന്ന പൂർണ്ണ വ്യാഖ്യാനങ്ങളിൽ വരില്ലയെങ്കിലും ഒരുകാലത്ത് വലിയ തോതിൽ ചരക്ക് യാത്ര,ജലഗതാഗതം നടന്ന പുഴ കാട്ടാമ്പള്ളി അണക്കെട്ട് നിർമ്മാണത്തോടെയാണ് പ്രതിസന്ധിയിലായത്. 2019ലെ പ്രളയത്തിൽ വലിയതോതിൽ വെള്ളം കയറിയതിന് തൊട്ടുപിന്നാലെ കൈയേറ്റത്തിനെതിരെ ശക്തമായ പ്രചാരണം നടന്നു.തുടർന്ന്

കക്കാട് പുഴയിലെ 33 കൈയേറ്റങ്ങൾ ഒഴിപ്പിക്കുമെന്നും പുറമ്പോക്ക് സ്ഥലങ്ങൾ അളന്ന് തിട്ടപ്പെടുത്തുമെന്നും സർക്കാർ തല പ്രഖ്യാപനമുണ്ടായി. മഴക്കാലത്ത് ശരാശരി 4 അടി ഉയരത്തിൽ വെള്ളം നിറയുന്ന പ്രദേശത്താണ് ഇപ്പോഴും കൈയേറ്റം നടക്കുന്നത്.