
കണ്ണൂർ: പല നിത്യോപയോഗ സാധനങ്ങളും കിട്ടാത്തതിനു പുറമെ ഉള്ളവയ്ക്ക് പൊതുവിപണിയേക്കാൾ ഉയർന്ന വില ഈടാക്കി സപ്ലൈകോ, മാവേലി സ്റ്റോറുകളുടെ ഇരുട്ടടി.നിലവിൽ വെളിച്ചെണ്ണയ്ക്ക് മാത്രമാണ് സബ്സിഡി ലഭിക്കുന്നത്.പൊതുവിപണിയിൽ സാധനവില കുതിച്ചുയരുമ്പോൾ ഏക ആശ്രയമായ സപ്ലൈകോയും മാവേലി സ്റ്റോറുകളും സാധാരണക്കാരെ കൈവിടുന്ന കാഴ്ചയാണ് കാണാനാകുന്നത്.
പരിപ്പ്, വൻപയർ, ചെറുപയർ, കടല, മുളക്, പഞ്ചസാര, കുറുവ അരി, മല്ലി, വെളിച്ചെണ്ണ, ഉഴുന്ന്, മുളക്, തുടങ്ങി നിരവധി അവശ്യസാധനങ്ങളാണ് നേരത്തെ സബ്‌സിഡി നിരക്കിൽ ലഭിച്ചിരുന്നത്. കഴിഞ്ഞ ഓണത്തിന് പോലും മാവേലി സ്‌റ്റോറിൽ മുളക് ,പഞ്ചസാര തുടങ്ങിയവ കിട്ടാനില്ലായിരുന്നു.
സബ്സിഡി നിരക്കിൽ 22 രൂപയ്ക്ക് ലഭിക്കുന്ന പഞ്ചസാര കഴിഞ്ഞ നവംബറിന് ശേഷം മാവേലി സ്‌റ്റോറുകളിൽ നിന്നും കിട്ടുന്നില്ല. കാർഡ് ഒന്നിന് അഞ്ച് കിലോ വീതം 25 രൂപ നിരക്കിൽ കിട്ടിയ അരിക്ക് ഇപ്പോൾ 43 രൂപ നൽകണം. വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ ലിറ്ററിന് 138 രൂപയ്ക്ക് ലഭിക്കുന്നതിൽ ഒതുങ്ങുകയാണ് ആശ്വാസം.
കെണിയിലായി ഔട്ട്ലറ്റ് ഇൻ ചാർജുമാർ
സബ് സിഡി ഒഴിവാക്കിയതിനെ തുടർന്ന് സാധാരണക്കാർ കൈവിട്ടതോടെ ഔട്ട് ലെറ്റുകളിൽ സാധനങ്ങൾ കെട്ടി കിടന്ന് ഉപയോഗശൂന്യമാകുന്ന സ്ഥിതിയുമുണ്ട്. കുടിശിക കാരണം കമ്പനികൾ തീയതി കഴിഞ്ഞ സാധനങ്ങൾ മാറ്റിനൽകാനും തയാറാകുന്നില്ല. ഔട്ട്‌ലെറ്റ് ഇൻ ചാർജുമാരാണ് ഇതുമൂലം കുഴപ്പത്തിലായിരിക്കുന്നത്. കുടിശിക തീർത്താൽ മാത്രമേ സാധനങ്ങൾ വിതരണം ചെയ്യുവെന്നാണ് കമ്പനികളുടെ പക്ഷം.സാധനങ്ങൾ എത്താത്തതിനെ തുടർന്ന് പാക്കിംഗ് തൊഴിലാളികളെയും വലിയ തോതിൽ വെട്ടിക്കുറച്ചിട്ടുണ്ട്.
പൊതുവിപണിയേയും കടത്തിവെട്ടി
പൊതുവിപണിയിലേതിനും അധികമാണ് സപ്ളൈകോയിൽ പല സാധനങ്ങളുടെയും വില. ഒരു കിലോ തുവരപ്പരിപ്പിന് പൊതുവിപണി 135 രൂപ തൊട്ട് ഈടാക്കുമ്പോൾ സപ്ലൈക്കോ സൂപ്പർ മാർക്കറ്റിൽ 174.30 രൂപ നൽകണം. അഞ്ച് ശതമാനം ജി.എസ്.ടിയും രണ്ട് രൂപ പായ്ക്കിംഗ് ചാർജുമുൾപ്പെടെയാണിത്. അതേസമയം മാവേലി സ്‌റ്റോറുകളിൽ ഇതിലും വില കുറച്ച് കിട്ടും.
ഉത്പന്നം പൊതുവിപണി സപ്ളൈകോ സബ്സിഡി നിരക്ക്
തുവരപരിപ്പ് 135 174.30 65
ഉഴുന്ന് 120 144.90 66
വൻപയർ 97 124,96 45
ചെറുപയർ 124 131.26 74