തലശ്ശേരി: സംശയത്തെ തുടർന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം തടവും രണ്ട് ലക്ഷം പിഴയും വിധിച്ച് ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി. വയൽ പീടിക ശ്രീനാരായണ മഠത്തിനടുത്ത ഡ്രൈവർ കോയോടൻ വീട്ടിൽ കെ.വി.പത്മനാഭനെ(54)​യാണ് തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി.മൃദുലയാണ് ശിക്ഷിച്ചത്.

2015 ഒക്ടോബർ 6ന് രാത്രി പതിനൊന്നരയോടെയാണ് ഭാര്യ ശ്രീജയെ ഈയാൾ കൊലപ്പെടുത്തിയത്. അടുക്കളയിൽ പാത്രം കഴുകുകയായിരുന്ന ഭാര്യയെ ഈയാൾ ആക്രമിക്കുകയായിരുന്നു. 2008ലായിരുന്നു ഇവർ വിവാഹിതരായത്. രണ്ട് മക്കളുണ്ട്.

പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ. പ്ലീഡർ അഡ്വ. ഇ. ജയറാംദാസ് ഹാജരായി. ഡോ.എസ്.ഗോപാലകൃഷ്ണപിള്ള, ഡോ.ഗോപകുമാർ, തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആയിരുന്ന എസ്.സൂരജ്, സയന്റിഫിക് വിദഗ്ദ്ധൻ അനീഷ് തൈക്കടവൻ, വില്ലേജ് ഓഫീസർ ദിലീപ് കിനാത്തി, പഞ്ചായത്ത് സെക്രട്ടറി എൻ.പവിത്രൻ, പൊലീസ് ഓഫീസർമാരായ സുരേന്ദ്രൻ കല്യാടൻ, കെ.പ്രേംസദൻ, സുധീഷ്, പി.സീന, കെ.പി.പ്രേമൻ, സുനിൽ കുമാർ, ഫോട്ടോഗ്രാഫർ സി.ആർ.പുരുഷോത്തമൻ തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ.