പിലാത്തറ: കണ്ണൂർ ജില്ലാ ക്ഷീരസംഗമം മൂന്ന് മുതൽ ആറു വരെ പിലാത്തറ ചെറുതാഴം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകസമിതി ചെയർമാനും ചെറുതാഴം ക്ഷീരസഹകരണസംഘം പ്രസിഡന്റുമായ കെ.സി. തമ്പാനും ജനറൽ കൺവീനർ ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ ഒ.സജിനിയും വാർത്താസമ്മേളനത്തിൽ അറിയിച്ചു. 3 ന് രാവിലെ 10ന് കെ.സി.തമ്പാൻ പതാക ഉയർത്തും. വൈകുന്നേരം 3 ന് ചെറുതാഴം ക്ഷീരസംഘം പരിസരത്തുനിന്നും വിളംബര ഘോഷയാത്ര. 4ന് രാവിലെ 7 ന് പീരക്കാംതടത്തുനിന്നും ചെറുതാഴം ക്ഷീരസംഘം ഓഫീസ് വരെ റൺ ഫോർ മിൽക്ക് റൺ ഫോർ ഹെൽത്ത് എന്ന മുദ്രാവാക്യവുമായി നടക്കുന്ന മിനി മാരത്തോൺ എം. വിജിൻ എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്യും. 5 ന് രാവിലെ 9ന് ക്ഷീരസംഘം പ്രസിഡന്റുമാർക്കും എലൈറ്റ് ഫാർമേഴ്സിനുമുള്ള ശിൽപ്പശാലയും ഡയറി എകസ്‌പോ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നിർവഹിക്കും. ഉച്ചക്ക് 2 ന് ക്ഷീരസഹകാരി സംഗമം. വൈകുന്നേരം 5 ന് സാംസ്‌ക്കാരിക സായാഹ്നവും കലാസന്ധ്യയും. സമാപനദിവസമായ 6 ന് രാവിലെ 10 ന് നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനവും ക്ഷീരമിത്ര അവാർഡ്ദാനവും മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. എം.വിജിൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ക്ഷീരഭവനം സുന്ദരഭവനം ക്യാമ്പയിൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ എം.വി.ഗോവിന്ദൻ, കെ.പി.മോഹനൻ, സജീവ് ജോസഫ് എന്നിവർ പങ്കെടുക്കും. സീനിയർ ക്ഷീരവികസന ഓഫീസർ പി.വി.ബീന, ബാലകൃഷ്ണൻ മുതുവടത്ത്, കെ.പി.വി. ഗോവിന്ദൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.